ന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ സഹോദരൻ പ്രതീക് യാദവിന്റെ ഭാര്യ അപർണ യാദവ് ബിജെപിയിൽ ചേർന്നു.
അപർണ ബിജെപി കേന്ദ്രങ്ങളുമായി നേരത്തേതന്നെ ചർച്ച നടത്തിയിരുന്നു. മുലായം സിംഗിന്റെ മരുമകളെ സ്വാഗതം ചെയ്യുന്നു എന്നാണ് അപർണ യാദവിന്റെ പാർട്ടി പ്രവേശനത്തെ ബിജെപി നേതാക്കൾ വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എക്കാലത്തും ആകർഷിച്ചിരുന്നു എന്നായിരുന്നു അപർണയുടെ പ്രതികരണം. ഇനി രാജ്യത്തിനുവേണ്ടി മികച്ച പ്രവർത്തനങ്ങൾ നടത്തണം. ബിജെപി ജനവേസനത്തിനായി അവതരിപ്പിച്ച പദ്ധതികളാണ് തന്നെ ഏറെ ആകർഷിച്ചത്. പാർട്ടിക്കുവേണ്ടി കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്നും അപർണ പറഞ്ഞു.
അഖിലേഷ് യാദവ് രാഷ് ട്രീയത്തിലെന്നപോലെ സ്വന്തം കുടുംബത്തിനകത്തും വൻ പരാജയമാണെന്നാണ് അപർണയെ സ്വീകരിച്ചുകൊണ്ടു യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞത്. നീണ്ട ചർച്ചകൾക്കൊടുവിലാണ് അപർണ ബിജെപിയിലേക്ക് എത്തിയതെന്നും കേശവ് പ്രസാദ് പറഞ്ഞു.
ബിജെപിയിൽനിന്ന് മന്ത്രിമാരും സിറ്റിംഗ് എംഎൽഎമാരും അടക്കം രാജിവച്ച് അഖിലേഷിനൊപ്പം കൂടിയതിനു പിന്നാലെയാണ് മുലായത്തിന്റെ മരുമകളെത്തന്നെ അടർത്തിയെടുത്ത് തങ്ങൾക്കൊപ്പം നിർത്തി ബിജെപി ഇപ്പോൾ പകരം വീട്ടിയിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ റീത്ത ബഹുഗുണയോട് പരാജയപ്പെട്ട അപർണയ്ക്ക് ഇത്തവണ സമാജ് വാദി പാർട്ടി സീറ്റ് നൽകിയിരുന്നില്ല. അതിൽ പ്രതിഷേധിച്ചാണ് അവർ ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്.
അഖിലേഷിന്റെ സഹോദരപത്നി ബിജെപിയിൽ
01:43 AM Jan 20, 2022 | Deepika.com