ന്യൂഡൽഹി: രാജ്യത്തെ വനവിസ്തൃതിയിൽ 2,261 ചതുരശ്ര കിലോമീറ്റർ വർധനയെന്ന് കണക്കുകൾ. നടപ്പുവർഷത്തെ വനസർവേയിലാണ് വർധനയുടെ കണക്കുകൾ പുറത്തുവിട്ടത്. രണ്ടു വർഷം കൊണ്ടാണ് ഇത്രയും വർധിച്ചത്.
മധ്യപ്രദേശാണ് ഏറ്റവും കൂടൂതൽ വനവിസ്തൃതിയുള്ള സംസ്ഥാനം. റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 21,253.49 ചതുരശ്ര കിലോമീറ്ററാണ് ആകെ വനമേഖല. കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിൽ 33 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് വനമേഖല ഉള്ളതെന്നാണ് കണ്ടെത്തൽ. അതേസമയം വനമേഖലയ്ക്ക് പുറത്തുള്ള പച്ചപ്പിൽ കേരളത്തിൽ കുറവു വന്നതായും റിപ്പോർട്ടിൽ പറയുന്നു. 2019ൽ 2936 ചതുരശ്ര കിലോമീറ്ററായിരുന്നത് 2820 ചതുശ്രകിലോമീറ്ററായി കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തിന്റെ വന-വൃക്ഷ സന്പത്ത് വിലയിരുത്തുന്നതിനു വേണ്ടി ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (എഫ്എസ്ഐ) തയ്യാറാക്കിയ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് 2021 കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് ഇന്നലെ പ്രകാശനം ചെയ്തു.
രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 24.62 ശതമാനം വരുന്ന 80.9 ദശലക്ഷം ഹെക്ടറാണ് രാജ്യത്തിന്റെ മൊത്തം വനം പ്രദേശമെന്ന് മന്ത്രി പറഞ്ഞു. 2019 ലെ വിലയിരുത്തലുമായി താരതമ്യപ്പെടുത്തുന്പോൾ രാജ്യത്തിന്റെ മൊത്തം വനത്തിലും മരങ്ങളിലും 2,261 ചതുരശ്ര കിലോമീറ്റർ വർധനയുണ്ട്.
കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 33 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് വനമേഖലയുള്ളത്. വനമേഖല, മരങ്ങൾ, കണ്ടൽക്കാടുകൾ, ഇന്ത്യൻ വനങ്ങളിലെ കാർബണ് സ്റ്റോക്ക്, കാട്ടുതീ നിരീക്ഷണം, കടുവ സംരക്ഷണ മേഖലകളിലെ വനമേഖല എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ സ്റ്റേറ്റ് ഫോറസ്റ്റ് റിപ്പോർട്ട് 2021ൽ ലഭ്യമാണ്. വനവിസ്തൃതിയിൽ വർധന കാണിക്കുന്ന ആദ്യ മൂന്നു സംസ്ഥാനങ്ങൾ ആന്ധ്രപ്രദേശും തെലുങ്കാനയും ഒഡിഷയുമാണ്. പ്രാദേശിക അടിസ്ഥാനത്തിൽ മധ്യപ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വനമുള്ളത്.
കേരളത്തിന്റെ വനമേഖല 33%നും 75%നും ഇടയിൽ
01:47 AM Jan 14, 2022 | Deepika.com