ന്യൂഡൽഹി: നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിവയ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ അടിയന്തര പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ.
കോണ്ഗ്രസ് നേതാക്കളായ ഗൗരവ് ഗൊഗോയ്, എം. ടാഗോർ, മനോജ് കുമാർ ഝാ തുടങ്ങിയ നിരവധി എംപിമാർ പാർലമെന്റ് നടപടികൾ നിർത്തി വച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു.
തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാധാരണക്കാരായ ജനങ്ങൾക്കു നേരെ വെടിയുതിർത്ത സുരക്ഷ സേനയുടെ നടപടിയെ ആസാമിൽ നിന്നുമുള്ള ലോകസഭാംഗം ഗൗരവ് ഗോഗോയ് അപലപിച്ചു.
രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ സുരക്ഷാ സേനയുടെ നടപടിയിൽ പ്രധാനമന്ത്രിയോടും കേന്ദ്ര പ്രതിരോധ മന്ത്രിയോടു വിശദീകരണം ആവശ്യപ്പെട്ടു.
മരിച്ചവരുടെ കുടുംബത്തിന് നാഗാലാൻഡ് സർക്കാർ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി നാഗാലാൻഡ് എംപി ലോക്സഭയിൽ അറിയിച്ചു. സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് അന്വേഷണം ഉണ്ടാകണമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉചിതമായ ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാഗാലാൻഡിൽ വെടിവയ്പ്: വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം
12:47 AM Dec 07, 2021 | Deepika.com