മുംബൈ: ലഹരിമരുന്നുകേസിൽ അറസ്റ്റിലായ ബോളിവുഡ് താരപുത്രൻ ആര്യൻ ഖാനു ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകനായ ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്റ്, മുൺമുൺ ധമേച്ഛ എന്നിവർക്കും ജസ്റ്റീസ് എൻ.ഡബ്ല്യു. സാംബ്രേ ജാമ്യം നൽകി. വിശദമായ വിധി ഇന്നു വൈകുന്നേരം പ്രഖ്യാപിക്കുമെന്നും സിംഗിൾ ബെഞ്ച് അറിയിച്ചു.
കോടതിയുടെ വിശദമായ ഉത്തരവ് പുറത്തുവന്നശേഷമേ മുംബൈ ആർതർ റോഡ് ജയിലിൽനിന്ന് ആര്യനു പുറത്തിറങ്ങാനാകൂ. ഇന്നോ നാളെയോ ജയിൽമോചിതനാകുമെന്നാണു പ്രതീക്ഷയെന്ന്, ആര്യനുവേണ്ടി കോടതിയിൽ ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി പറഞ്ഞു.
മുംബൈയിലെ പ്രത്യേക കോടതി ആര്യന്റെ ജാമ്യാപേക്ഷ മൂന്നുതവണ തള്ളിയിരുന്നു. തുടർന്നാണു കേസ് ഹൈക്കോടതിയിലെത്തിയതും ഷാരുഖിന് ആശ്വാസമായതും.
ലഹരിമരുന്നുമായാണു പ്രതി അറസ്റ്റിലായതെന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് നേരത്തേ കോടതിയിൽ പറഞ്ഞിരുന്നു.
മുംബൈ തീരത്ത് നങ്കൂരമിട്ടിരുന്ന ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ കഴിഞ്ഞ മൂന്നിനാണ് ആര്യനും സംഘവും അറസ്റ്റിലായത്.
ആര്യനു ജാമ്യം; ഷാരുഖിന് ആശ്വാസം
01:02 AM Oct 29, 2021 | Deepika.com