ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ മുഖ്യ സാന്പത്തിക ഉപദേഷ്ടാവിന് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തെ കാലാവധി അടുത്ത മാസം പൂർത്തിയാക്കുന്ന കെ.വി. സുബ്രഹ്മണ്യന്റെ പകരക്കാരനായാണു ചീഫ് ഇക്കണോമിക് അഡ്വൈസർ (സിഇഎ) തസ്തികയിലേക്കു കരാർ നിയമനത്തിനു കേന്ദ്രസർക്കാർ അപേക്ഷ ക്ഷണിച്ചത്.
എന്നാൽ, തസ്തികകളിലേക്കുള്ള അപേക്ഷകരുടെ പട്ടികയ്ക്കു പുറത്തുള്ള അനുയോജ്യരായ വ്യക്തികളെ ക്ഷണിക്കാനും ചുരുക്കപട്ടിക തയാറാക്കാനും സെലക്ഷൻ കമ്മിറ്റിക്ക് അവകാശമുണ്ട് എന്നു പൊതു അറിയിപ്പിൽ കൂട്ടിച്ചേർത്തു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും സ്വീകാര്യമായ ഏതൊരാളെയും പതിവുപോലെ സർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവാക്കാൻ കഴിയും. സുബ്രഹ്മണ്യൻ 2018 ഡിസംബർ ഏഴിനാണു നിയമിതനായത്. അതേവർഷം ഡിസംബർ 24ന് അദ്ദേഹം ചുമതലയേറ്റു.
ധനമന്ത്രാലയം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, റിസർവ് ബാങ്ക്, പൊതുമേഖലാ ബാങ്കുകൾ എന്നിവയിൽ സ്ഥിരമായി സമാനമായ തസ്തികയിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
ഇതോടൊപ്പം അംഗീകൃത സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര റെഗുലേറ്ററി സ്ഥാപനങ്ങൾ, രജിസ്റ്റർ ചെയ്ത സ്വകാര്യ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ളവർക്കും മുഖ്യ സാന്പത്തിക ഉപദേഷ്ടാവിന്റെ തസ്തികയിലേക്ക് അർഹതയുണ്ടെന്ന് കഴിഞ്ഞ ഞായറാഴ്ചത്തെ തീയതിയിൽ കേന്ദ്ര ധനമന്ത്രാലയം ഇന്നലെ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു.
ഉദ്യോഗാർഥിക്ക് സാന്പത്തിക ഗവേഷണത്തിലോ, സാന്പത്തിക ഉപദേശം നൽകിയോ ആറു വർഷത്തെ പരിചയം ഉണ്ടായിരിക്കണം. കേന്ദ്രത്തിലോ സംസ്ഥാന സർക്കാരിലോ ഒരു വർഷത്തെ ഭരണപരിചയവും ആവശ്യമാണ്.
അംഗീകൃത സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ സാന്പത്തിക ശാസ്ത്രത്തിലോ, ധനകാര്യത്തിലോ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി പരസ്യം പ്രസിദ്ധീകരിച്ച ഒക്ടോബർ 24 മുതൽ 20 ദിവസമാണ്. പരമാവധി പ്രായപരിധി 56 വയസാണ്.
ജോർജ് കള്ളിവയലിൽ
മുഖ്യ സാന്പത്തിക ഉപദേഷ്ടാവിന് കേന്ദ്രം അപേക്ഷ ക്ഷണിച്ചു
01:57 AM Oct 27, 2021 | Deepika.com