ന്യൂഡൽഹി: സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദ്ദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്ച്ച നടത്തി. കേരളം ഇപ്പോൾ നേരിടുന്ന പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് അടൽ മിഷൻ ഫോർ റെജുവെനേഷൻ ആന്ഡ് അർബൻ ട്രാൻസ്ഫോർമേഷൻ പദ്ധതി നടപ്പിലാക്കാനുള്ള സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ആവശ്യക്കാർ വരുന്നതിനനുസരിച്ച് പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര അനുമതി ആവശ്യമാണ്. ദീൻദയാൽ അന്ത്യോദയ യോജന സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായുള്ള സ്വയംതൊഴിൽ വായ്പയുടെ പലിശ നിരക്കിൽ ഇളവ് നൽകണമെന്നും, ഫിനാൻസ് കമ്മീഷന്റെ ഭാഗമായുള്ള ഫണ്ട് ലഭ്യമാക്കാനുള്ള നിലപാട് സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
കോഴിക്കോട് നിർമിക്കുന്ന വേസ്റ്റ് ടു എനർജി പ്ലാന്റിന് ആവശ്യമുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നൽകുവാനുള്ള അപേക്ഷയും നൽകിയിട്ടുണ്ട്. ഇതുകൂടാതെ ഖരമാലിന്യ സംസ്ക്കരണത്തിന് ഫണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തിര നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളെ ഭവന,നഗരകാര്യ മന്ത്രാലയത്തിന്റെ പൈസ പോർട്ടലിൽ ഉൾപ്പെടുത്താനുള്ള നടപടി ക്രമങ്ങളെക്കുറിച്ചും ചർച്ച നടത്തി.
ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രാലയവുമായുള്ള ചർച്ചയിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് നിലവിൽ നൽകുന്ന വേതനം 291 ൽ നിന്നും വർദ്ധിപ്പിച്ച് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മന്ത്രി എം.വി. ഗോവിന്ദൻ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
11:59 PM Oct 23, 2021 | Deepika.com