ന്യൂഡൽഹി: കോണ്ഗ്രസ് സഹകരണം ചർച്ച ചെയ്യാൻ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. ഈ വിഷയത്തിൽ കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തിൽ ഭിന്നത ശക്തമായിരുന്നു. ബിജെപിക്കെതിരേ ഇടത് മതേതര ചേരി നയിക്കുന്ന സഖ്യം വേണമെന്നാണ് കേരളഘടകത്തിന്റെ വാദം.
കോണ്ഗ്രസ് നേതൃത്വം നൽകുന്നതിനെ കേരളഘടകം അംഗീകരിക്കുന്നില്ല. കോണ്ഗ്രസ് പലപ്പോഴും വർഗീയതയുമായി സമരസപ്പെടുന്നുവെന്നും ഇടതുപക്ഷത്തിന്റെ മതേതര നിലപാടാണ് കേരളത്തിൽ ഭരണത്തുടർച്ച നൽകിയതെന്നും സംസ്ഥാനത്തെ നേതാക്കൾ ഉയർത്തിക്കാട്ടുന്നു. എന്നാൽ, വിശാല മതേതര സഖ്യം വേണമെന്നാണ് ബംഗാൾ ഘടകം അടക്കം ആവശ്യപ്പെടുന്നത്.
ദേശീയ സാഹചര്യവും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വ്യത്യസ്തമാണെന്ന് കോണ്ഗ്രസ് സഖ്യത്തെ അനുകൂലിക്കുന്നവർ വിശദീകരിക്കുന്നു. തെരഞ്ഞെടുപ്പിനു മുൻപ് മുന്നണിവേണമെന്നില്ല എന്ന നിലപാടാണ് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പങ്കുവച്ചത്.
സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന്
01:20 AM Oct 22, 2021 | Deepika.com