മുംബൈ: മുംബൈ തീരത്ത് നങ്കൂരമിട്ടിരുന്ന ആഡംബര കപ്പലിൽ ലഹരിപാർട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് സൂപ്പർ താരപുത്രൻ ആര്യൻ ഖാൻ ജാമ്യംതേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ലഹരിമരുന്ന് കേസുകൾ പരിഗണിക്കുന്ന പ്രത്യേകകോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനായ ആര്യൻ മേൽക്കോടതിയെ സമീപിച്ചത്.
ഇന്നലെ ഉച്ചയോടെ കേസ് പരിഗണനയ്ക്കു വരുന്പോൾ ജാമ്യാപേക്ഷ തള്ളി എന്ന് പ്രത്യേകകോടതി ജഡ്ജി വി.വി. പാട്ടീൽ ഒറ്റവാക്കിൽ വിധിപറയുകയായിരുന്നു. ഇതിനുപിന്നാലെ ആര്യന്റെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ആര്യൻ ഖാന്റെ സുഹൃത്ത് അർബാസ് മർച്ചന്റ്, ഫാഷൻ മോഡൽ മുൺ മുൺ ധമാച്ചേ എന്നിവരുടെ ജാമ്യാപേക്ഷയും വിചാരണക്കോടതി നിരാകരിച്ചിരുന്നു.
നിരോധിത ലഹരിമരുന്നുകളുമായി കഴിഞ്ഞ മൂന്നിനാണു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ പ്രതികളെ അറസ്റ്റ്ചെയ്തത്. ആര്യനും അബ്ബാസ് മർച്ചന്റും മുംബൈ ആർതർ റോഡ് ജയിലിലും ധമാച്ച ബൈക്കുളയിലെ വനിതാ ജയിലിലും വിചാരണത്തടവുകാരായി തുടരുകയാണിപ്പോൾ.
ജാമ്യം നിഷേധിച്ച് വിചാരണക്കോടതി: ആര്യൻ ഖാൻ ഹൈക്കോടതിയിൽ
01:37 AM Oct 21, 2021 | Deepika.com