ഇൻഡോർ: 2004ൽ സോണിയഗാന്ധി പ്രധാനമന്ത്രിയാകണമായിരുന്നുവെന്നു കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കമലാ ഹാരിസിന് അമേരിക്കൻ വൈസ് പ്രസിഡന്റാകാമെങ്കിൽ സോണിയയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയാകാമെന്ന് അത്താവലെ പറഞ്ഞു.
പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാൻ സോണിയയ്ക്കു താത്പര്യമില്ലായിരുന്നുവെങ്കിൽ മൻമോഹൻ സിംഗിനു പകരം ശരദ് പവാറിനെയായിരുന്നു പ്രധാനമന്ത്രിയാക്കേണ്ടിരുന്നതെന്ന് അത്താവലെ പറഞ്ഞു. 2014ൽ യുപിഎയ്ക്ക് ഭൂരിപക്ഷം കിട്ടിയപ്പോൾ സോണിയഗാന്ധി പ്രധാനമന്ത്രിയാകണമെന്നു ഞാൻ നിർദേശിച്ചിരുന്നു. സോണിയയുടെ വിദേശജന്മ വിഷയം അർഥശൂന്യമാണെന്ന് അന്നേ എനിക്ക് അഭിപ്രായമുണ്ടായിരുന്നു.
കമല ഹാരിസിന് അമേരിക്കൻ വൈസ് പ്രസിഡന്റാകാമെങ്കിൽ എന്തുകൊണ്ട് സോണിയയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി ആയിക്കൂടാ? ഇന്ത്യൻ പൗരത്വമുള്ളയാളാണു സോണിയ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയും ലോക്സഭാംഗവുമാണ് സോണിയ-അത്താവലെ പറഞ്ഞു. ശരദ് പവാർ പ്രധാനമന്ത്രിയായിരുന്നെങ്കിൽ കോണ്ഗ്രസ് പാർട്ടി ഇപ്പോഴത്തെ അവസ്ഥയിലാകുമായിരുന്നില്ലെന്ന് അത്താവലെ കൂട്ടിച്ചേർത്തു.
സോണിയ പ്രധാനമന്ത്രി ആകണമായിരുന്നു: കേന്ദ്രമന്ത്രി അത്താവലെ
11:08 PM Sep 27, 2021 | Deepika.com