ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള വിമാന സർവീസ് ഇന്നു മുതൽ വീണ്ടും ആരംഭിക്കും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ വിലക്ക് സെപ്റ്റംബർ 26 വരെ കാനഡ നീട്ടിയിരുന്നു. വിലക്ക് അവസാനിപ്പിച്ചതോടെ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇനി കാനഡയിലേക്കു സഞ്ചരിക്കാം.
എന്നാൽ, കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ 30ന് മാത്രമേ പുനരാരംഭിക്കൂ. അംഗീകൃത ലബോറട്ടറിയിലാണ് കോവിഡ് പരിശോധന നടത്തേണ്ടത്. നേരിട്ടുള്ള വിമാനങ്ങളിൽ സഞ്ചരിക്കുന്നവർ ഡൽഹിയിലെ ജെനസ്ട്രിംഗ്സ് ലബോറട്ടറിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
18 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനാഫലമാണ് വേണ്ടത്. വിമാനത്തിൽ കയറുന്നതിന് മുന്പ് പരിശോധനാഫലം വിമാനക്കന്പനി അധികൃതരെ കാണിക്കണമെന്നാണ് നിർദേശം. മുന്പ് കോവിഡ്ബാധിച്ചവർക്ക് രാജ്യത്തെ ഏത് സർട്ടിഫൈഡ് ലബോറട്ടറിയിൽനിന്നുള്ള പരിശോധനാഫലവും കാണിക്കാം. നേരിട്ടുള്ള വിമാനങ്ങളിൽ അല്ല യാത്രചെയ്യുന്നതെങ്കിൽ മൂന്നാമത്തെ രാജ്യത്തുനിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതും നിർബന്ധമാണ്.
യാത്രക്കിടെ കോവിഡ് ബാധിച്ചാൽ പ്രാദേശിക നിയന്ത്രണങ്ങൾ അനുസരിച്ച് ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുമെന്നാണ് കാനഡ അധികൃതർ അറിയിച്ചിരിക്കുന്നത്.
കാനഡയിലേക്കുള്ള വിമാന സർവീസ് ഇന്നു പുനരാരംഭിക്കും
10:25 PM Sep 26, 2021 | Deepika.com