മംഗൾദായി/ഗോഹട്ടി: ആസാമിൽ കുടിയിറക്കിനെതിരേ പ്രതിഷേധിച്ചവർക്കു നേരേ പോലീസ് നടത്തിയ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേർക്കു പരിക്കേറ്റു ദരാംഗ് ജില്ലയിലെ സിപാഝാറിലായിരുന്നു സംഭവം. വർഷങ്ങളായി വസിച്ചിരുന്ന ഭൂമിയിൽനിന്ന് കുടിയൊഴിക്കപ്പെട്ട എണ്ണൂറോളം കുടുംബങ്ങളാണു പുനരധിവാസം ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്.
സദാം ഹുസൈൻ, ഷേക്ക് ഫോരിദ് എന്നിവരാണു പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. ആസാമിൽ സർക്കാർ ആസൂത്രിത വെടിവയ്പാണു നടന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കുറ്റപ്പെടുത്തി.
പ്രതിഷേധക്കാർ ആയുധധാരികളായിരുന്നുവെന്നും പോലീസിനെ കല്ലെറിഞ്ഞെന്നുമാണ് ദരാംഗ് പോലീസ് സൂപ്രണ്ട് സുശാന്ത ബിശ്വ ശർമയുടെ ഭാഷ്യം. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഇളയ സഹോദരനാണ് പോലീസ് സൂപ്രണ്ട് സുശാന്ത. കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതു നിർത്താനാവില്ലെന്നും ഒഴിപ്പിക്കൽ ഇന്നു തുടരുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗോഹട്ടിയിൽ പറഞ്ഞു.
തിങ്കളാഴ്ചയ്ക്കുശേഷം 602.40 ഹെക്ടർ ഭൂമി ഏറ്റെടുത്തെന്നും 800 കുടുംബങ്ങളെ ഒഴിപ്പിച്ചെന്നും ദരാംഗ് ജില്ലാ ഭരണകൂടം വ്യക്തമാക്കി. പ്രദേശത്ത് നാലു മതസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കി. ജൂൺ ഏഴിനു മുഖ്യമന്ത്രി ഹിമന്ത പ്രദേശം സന്ദർശിച്ചിരുന്നു. ധോൽപുർ ശിവക്ഷേത്രത്തിനു സമീപമുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നല്കിയിരുന്നു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ആദ്യം ആകാശേത്തു വെടിവച്ചിരുന്നു. എന്നാൽ പ്രതിഷേധത്തിന് അയവില്ലാതെ വന്നതോടെ ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മൊനിരുദ്ദീൻ അടക്കം എട്ടു പോലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൊനിരുദ്ദീനെ ഗോഹട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വെടിവയ്പിൽ കൊല്ലപ്പെട്ടയാളെ ഫോട്ടോഗ്രാഫർ ചവിട്ടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. മരങ്ങൾക്കു പിറകിൽ നിന്ന് നൂറുകണക്കിനു പോലീസുകാർ വെടിവയ്ക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ സംഭവങ്ങൾ പകർത്താൻ ജില്ലാ ഭരണകൂടം നിയോഗിച്ച ബിജയ് ശങ്കർ ബനിയ എന്ന പ്രഫഷണൽ ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടയാളെ ചവിട്ടിയത്. ബിജയ് ശങ്കറെ അറസ്റ്റ് ചെയ്തു. പോലീസ് വെടിവയ്പിനെക്കുറിച്ച് ജുഡീഷൽ അന്വേഷണം വേണമെന്ന് ആസാം പിസിസി അധ്യക്ഷൻ ഭൂപേൻകുമാർ ബോറ ആവശ്യപ്പെട്ടു. 1970കൾ മുതൽ പ്രദേശത്തു താമസിക്കുന്നവരെയാണ് ഒഴിപ്പിച്ചതെന്നു ബോറ കുറ്റപ്പെടുത്തി.
ആസാമിൽ കുടിയിറക്കിനെതിരേ പ്രതിഷേധം: പോലീസ് വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു
12:43 AM Sep 24, 2021 | Deepika.com