ഊട്ടി: വിഷം അകത്ത് ചെന്ന് അവശനിലയിലായിരുന്ന കൊലപാതക കേസ് പ്രതി ഉൗട്ടി ജില്ലാ ആശുപത്രിയിൽ മരിച്ചു. കുന്നൂർ അണിഹാട സ്വദേശി ബെന്നി (58) ആണ് മരിച്ചത്. ഭാര്യ അന്തോണിയമ്മാളിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഇയാൾ.
കേസ് ഉൗട്ടി മഹിളാ കോടതിയിൽ നടന്നു വരികയായിരുന്നു. ഈമാസം 15ന് കേസിന്റെ അന്തിമ വിധി പറയാനിരിക്കുകയായിരുന്നു.
പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ അവിടെ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെയും കോടതി ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് ഇയാൾ കടന്നു കളഞ്ഞു. തുടർന്ന് തെരച്ചിലിനിടെ കുന്നൂർ വണ്ടിഷോലയിൽ വെച്ച് ഇയാളെ പോലീസ് പിടികൂടിയെങ്കിലും ഇയാൾ വിഷം കഴിച്ചതായി കണ്ടെത്തുകയായിരുന്നു.
ഉടനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ ഫലിക്കാതെ ഇന്നലെ രാവിലെ മരിച്ചു. 2017 ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊലക്കേസ് പ്രതി മരിച്ച നിലയിൽ
11:15 PM Sep 17, 2021 | Deepika.com