ന്യൂഡൽഹി: ബോളിവുഡ് നടൻ സോനു സൂദുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. മുംബൈയിലും ലക്നോവിലെ ഒരു കന്പനിയിലും ഉൾപ്പെടെ ആറിടങ്ങളിലാണു പരിശോധന നടന്നത്. "വെറും നിരീക്ഷണം’ എന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി സോനു സൂദ് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ പരിശോധന നടക്കുന്നത്. സ്കൂൾ വിദ്യാർഥികൾക്കുള്ള ഡൽഹി സർക്കാരിന്റെ പരിപാടിയുടെ ബ്രാൻഡ് അംബാസഡറായി സോനു സൂദിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.
കേജരിവാളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട സോനു സൂദ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഉടൻ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിൽ എഎപി സ്ഥാനാർഥിയായി സോനു സൂദ് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
കോവിഡ് മഹാമാരിക്കാലത്തു സോനു സൂദിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു. പ്രത്യേകിച്ച്, ലോക്ഡൗണിനെത്തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾക്കു വീടുകളിലെത്താൻ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയത് ഉൾപ്പെടെയുള്ള നടപടികൾ.
സോനു സൂദിനെ ലക്ഷ്യമിട്ട് ആദായനികുതി വകുപ്പ് പരിശോധന
12:36 AM Sep 16, 2021 | Deepika.com