പൽവാൽ (ഹരിയാന): ഹരിയാനയിൽ ’അജ്ഞാത പനി’ ബാധിച്ച് പന്ത്രണ്ട് ദിവസത്തിനുള്ളിൽ ഏഴു കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. ഹരിയാനയിലെ പൽവാൽ ജില്ലയിലെ ചില്ലി ഗ്രാമത്തിലാണ് സംഭവം.
മരിച്ചവരിൽ ഏറെ കുട്ടികളും 14 വയസിൽ താഴെയുള്ളവരാണ്. പനി ലക്ഷണങ്ങളുമായി 44 പേർ സ്വകാര്യ ആശുപത്രികളിൽ ചികിൽസയിലാണ്. ഇതിൽ 35 പേർ പ്രായപൂർത്തിയാകാത്തവരാണ് എന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികളുടെ മരണകാരണം ഡെങ്കിയാകാനുള്ള സാധ്യത ഡോക്ടർമാർ തള്ളിക്കളയുന്നില്ല.
പ്ലേറ്റ്ലെറ്റ് കുറവാണ് പ്രധാനമായും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ കാണുന്ന ലക്ഷണങ്ങളിൽ ഒന്ന്. ‘പനി ബാധിച്ചു കുഞ്ഞുങ്ങൾ മരിക്കുകയാണ്. ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിക്കുന്നുണ്ട്. മരുന്നു വിതരണം നടത്തുന്നു.
വീടുകളിലും ഗ്രാമ പ്രദേശത്തും ശുചിത്വക്കുറവുള്ളതായി കണ്ടെത്തി. പനിയുടെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്തുകയാണ്’ പൽവാൽ ജില്ല സീനിയർ മെഡിക്കൽ ഓഫീസർ വിജയ് കുമാർ പറയുന്നു.
ഹരിയാനയിൽ അജ്ഞാത പനി; ഏഴു കുട്ടികൾ മരിച്ചു
12:36 AM Sep 16, 2021 | Deepika.com