ന്യൂഡൽഹി: ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റും സിപിഐയുടെ യുവനേതാവുമായ കനയ്യകുമാർ കോണ്‍ഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്.
വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോർട്ടുണ്ട്. ഇതിനുശേഷം കനയ്യ കോണ്‍ഗ്രസിൽ ചേരുമെന്നാണു റിപ്പോർട്ട്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബേഗുസരായി മണ്ഡലത്തിൽ മത്സരിച്ച കനയ്യകുമാർ ബിജെപിയിലെ ഗിരിരാജ് സിംഗിനോടു വൻ മാർജിനിൽ പരാജയപ്പെട്ടിരുന്നു. കനത്ത തോൽവി കനയ്യയ്ക്കു തിരിച്ചടിയായി.
ബിഹാറിൽ സിപിഐയുടെ അവശേഷിക്കുന്ന കോട്ടയാണ് ബെഗുസരായി. 2020 ഡിസംബറിൽ പാറ്റ്നയിലെ സിപിഐ ഓഫീസിലുണ്ടായ സംഘർഷത്തിന്റെ പേരിൽ കനയ്യയെ 2021 ഫെബ്രുവരിയിൽ സിപിഐ നേതൃത്വം ശാസിച്ചിരുന്നു. കനയ്യകുമാർ ജെഡി-യുവിൽ ചേരുമെന്ന് ഇടക്കാലത്ത് റിപ്പോർട്ടുണ്ടായിരുന്നു.
കനയ്യയെ പാർട്ടിയിലെടുക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി പരിഗണിക്കുകയാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. തലയെടുപ്പുള്ള നേതാക്കളുടെ അഭാവമുള്ള കോണ്‍ഗ്രസിന് കനയ്യ എത്തുന്നത് ഏറെ പ്രയോജനം ചെയ്യും. ആൾക്കൂട്ടത്തെ പ്രത്യേകിച്ച്, യുവാക്കളെ ആകർഷിക്കാൻ കഴിയുന്ന നേതാവാണു കനയ്യകുമാർ.
കനയ്യകുമാർ കോണ്‍ഗ്രസിലേക്ക്?
01:10 AM Sep 15, 2021 | Deepika.com