ന്യൂഡൽഹി: ത്രിപുരയിൽ പാർട്ടി ഓഫീസുകൾക്കു നേരേയും പാർട്ടി പ്രവർത്തകർക്കു നേരേയും ബിജെപി തുടർച്ചയായി നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ത്രിപുരയിൽ സിപിഎം പ്രവർത്തകരുടെ സമാധാന ജീവിതത്തിന് നരേന്ദ്ര മോദി ഇടപെട്ട് പരിഹാരം ഉണ്ടാക്കിത്തരണമെന്നാവശ്യപ്പെട്ട് സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തെഴുതി. ബിജെപി സംഘത്തിന്റെ ആസൂത്രിത അക്രമമാണെന്നും ത്രിപുരയിലെ ബിജെപി സർക്കാർ കണ്ണടയ്ക്കുന്നതിനാൽ അക്രമികൾ ശിക്ഷിക്കപ്പെടുന്നില്ലെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ യെച്ചൂരി കുറ്റപ്പെടുത്തി.
വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സിപിഎമ്മിനും ഇടതുമുന്നണി പ്രവർത്തകർക്കും എതിരേയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാന കേന്ദ്രം അടക്കമുള്ള ഓഫീസുകൾ ബിജെപി സംഘം മൂൻകൂട്ടി ആസൂത്രണം ചെയ്ത് ആക്രമിക്കുകയായിരുന്നു.
ഉദയ്പൂർ സബ് ഡിവിഷണൽ ഓഫീസ്, ഗോമതി ജില്ലാ കമ്മിറ്റി ഓഫീസ്, സെപാഹിജാല ജില്ലാ കമ്മിറ്റി ഓഫീസ്, ബിഷ്ലഗഡ് സബ് ഡവിഷണൽ കമ്മിറ്റി ഓഫീസ്, സന്താർ ബസാർ സബ് ഡിവിഷണൽ ഓഫീസ്, വെസ്റ്റ് ത്രിപുര ജില്ലാ കമ്മിറ്റി ഓഫീസ്, സദർ സബ് ഡിവിഷണൽ കമ്മിറ്റി ഓഫീസ് എന്നിവ യാണ് ബിജെപി പ്രവർത്തകർ ആക്രമിച്ചത്. ഇതിൽ പല ഓഫീസുകൾക്കും ഗുരുതര നാശനഷ്ടമുണ്ടാക്കുകയും തീയിടുകയും ചെയ്തു.
അഗർത്തലയിലെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിനു നേർക്കാണ് ഏറ്റവും കടുത്ത അക്രമമുണ്ടായത്. ഓഫീസ് കെട്ടിടത്തിന്റെ ഇരുനിലകളും തകർക്കുകയും പാർട്ടി ഓഫീസിലെ രണ്ടു കാറുകൾക്കു തീയിടുകയും ചെയ്തു. ത്രിപുരയിലെ ജനകീയ സിപിഎം നേതാവായിരുന്ന ദശരഥ് ദേബിന്റെ പ്രതിമയും അക്രമികൾ തകർത്തു.
ത്രിപുരയിൽ സിപിഎം നേതാക്കളെയും പ്രവർത്തകരെയും തെരഞ്ഞു പിടിച്ച് ആക്രമിക്കുകയും വീടുകൾക്കു തീവയ്ക്കുകയുമാണ്. സിപിഎം പത്രമായ ഡെയ്ലി ദെശാർകഥയുടെ ഓഫീസും തകർത്തു. അക്രമം നടന്ന പല സ്ഥലങ്ങളിലെ പോലീസ് കൈയും കെട്ടി നോക്കി നിൽക്കുകയായിരുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ പരിസരത്ത് നേരത്തേ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും അക്രമത്തിന് ഒരു മണിക്കൂർ മുൻപേ ഇവരെ പിൻവലിച്ചു. ഇതെല്ലാം തന്നെ ത്രിപുര സംസ്ഥാന സർക്കാരിന്റെ അറിവോടെയാണ് നടക്കുന്നതെന്നാണ് തെളിയിക്കുന്നത്.
കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിൽ സംസ്ഥാന പോലീസും വീഴ്ച വരുത്തുകയാണ്. ഈ സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമന്നാണ് യെച്ചൂരിയുടെ കത്തിലെ ആവശ്യം.
ത്രിപുരയിൽ സിപിഎമ്മിന് അടിയോടടി; മോദി ഇടപെടണമെന്ന് യെച്ചൂരി
12:16 AM Sep 10, 2021 | Deepika.com