ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ ഇ-റുപ്പിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച പുതിയ പേയ്മെന്റ് സംവിധാനം വീഡിയോ കോണ്‍ഫറൻസിലൂടെയാണ് മോദി ഉദ്ഘാടനം ചെയ്തത്.
യുപിഐ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഇ- റുപ്പി ഡിപ്പാർട്ട്മെന്റ് ഫിനാൻഷ്യൽ സർവീസ്, ആരോഗ്യമന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ വികസിപ്പിച്ചത്.ക്യാഷ്ലെസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. സർക്കാർ ആനുകൂല്യം ഗുണഭോക്താക്കളുടെ കൈകളിൽ നേരിട്ട് എത്തുന്നുണ്ട് എന്നുറപ്പാക്കുകയാണ് ഈ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സർക്കാർ ആനുകൂല്യങ്ങൾ നേരിട്ടു കൈമാറുന്നത് കൂടുതൽ കാര്യക്ഷമമാക്കാൻ ഇതുവഴി സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ക്യൂആർ കോഡ്, എസ്എംഎസ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇടപാടുകൾ നടത്തുന്നത്. അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് പകരം ഗുണഭോക്താവിന്റെ മൊബൈലിലേക്ക് ഇ-വൗച്ചർ കൈമാറിയാണ് ഇടപാട് നടത്തുന്നത്.
ഡിജിറ്റൽ വിനിമയത്തിന് നൂതന വേദി: ഇ-റുപ്പിക്ക് മോദി തുടക്കം കുറിച്ചു
01:17 AM Aug 03, 2021 | Deepika.com