ന്യൂഡൽഹി: സുപ്രീംകോടതി റദ്ദാക്കിയ ഐടി നിയമത്തിലെ 66 എ വകുപ്പ് അനുസരിച്ചു ഇപ്പോഴും കേസ് ചുമത്തുന്നതിൽ സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. അതോടൊപ്പംതന്നെ കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഹൈക്കോടതി രജിസ്ട്രാർമാർക്കും നോട്ടീസയച്ചിട്ടുണ്ട്. 2005ൽ റദ്ദാക്കിയ ഐടി നിയമത്തിലെ 66 -എ വകുപ്പ് അനുസരിച്ച് ഇപ്പോഴും കേസെടുക്കുന്നുണ്ടെന്നു ചൂ്ണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നടപടി.
പോലീസ് സംസ്ഥാന വിഷയം ആയതിനാൽ സംസ്ഥാനങ്ങളെ കക്ഷിചേർക്കുകയാണെന്ന് ജസ്റ്റീസുമാരായ ആർ.എഫ്. നരിമാൻ, ബി.ആർ. ഗവായ് എന്നിവർ പറഞ്ഞു. ഇക്കാര്യത്തിൽ എല്ലാ വശങ്ങളും പരിഗണിച്ച് സമഗ്രമായ ഉത്തരവായിരിക്കും കോടതി പുറപ്പെടുവിക്കുകയെന്ന് ബെഞ്ച് വ്യക്തമാക്കി. വിഷയത്തിന് രണ്ടു വശങ്ങളുണ്ടെന്ന്, ഹർജി നൽകിയ പിയുസിഎല്ലിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സഞ്ജയ് പരീഖ് ചൂണ്ടിക്കാട്ടി.
ഒന്നു പോലീസാണ്. മറ്റൊന്ന് റദ്ദാക്കിയ വകുപ്പനുസരിച്ചുള്ള കേസുകളിൽ വിചാരണ നടത്തുന്ന കോടതികളുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നാണ് ഹൈക്കോടതി രജിസ്ട്രാർമാർക്കു നോട്ടീസ് അയയ്ക്കാനുള്ള കോടതി നിർദേശം. കേസ് നാല് ആഴ്ചയ്ക്കു ശേഷം കോടതി പരിഗണിക്കും. കോടതി റദ്ദാക്കിയ 66എ വകുപ്പ് അനുസരിച്ച് ഇപ്പോഴും കേസുകൾ എടുക്കുന്നുണ്ട് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് നേരത്തെ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
66 എ വകുപ്പ് അനുസരിച്ചു കേസ്: സുപ്രീംകോടതി നോട്ടീസ് അയച്ചു
01:17 AM Aug 03, 2021 | Deepika.com