ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം മൂലം രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തെ വിമർശിച്ച രാഹുലിന് കേന്ദ്രമന്ത്രിയുടെ മറുപടി. രാഹുലിന് അന്നും ബുദ്ധിയുണ്ടായിരുന്നില്ല, ഇപ്പോഴുമില്ല, ഇനി എന്നന്നേക്കുമായി അങ്ങനെയായിരിക്കുമെന്നും മന്ത്രി ഗിരിരാജ് സിംഗ് പരിഹസിച്ചു.
ഇറ്റാലിയൻ ഭാഷയിൽ ട്വീറ്റ് ചെയ്തായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. കോവിഡ് മരണങ്ങൾ സംബന്ധിച്ച പട്ടിക സംസ്ഥാനങ്ങളാണ് കേന്ദ്രത്തിനു നൽകുന്നത്. കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഇതു പുതുക്കി അയയ്ക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. അതുവരെയെങ്കിലും കളവ് പറയുന്നത് അവസാനിപ്പിക്കണം ഗിരിരാജ് സിംഗ് പറഞ്ഞു.
ഇവിടെ ഓക്സിജന്റെ അഭാവം മാത്രമല്ല, അന്നും ഇന്നും സത്യത്തിന്റെയും അവബോധത്തിന്റെയും അഭാവമുണ്ട് എന്നായിരുന്നു കേന്ദ്രത്തെ വിമർശിച്ചുള്ള രാഹുലിന്റെ ട്വീറ്റ്. ഈ രാജകുമാരനെക്കുറിച്ച് ഞാൻ പറയും. അദ്ദേഹത്തിന് തലച്ചോറിന്റെ അഭാവമുണ്ടായിരുന്നു, അയാൾക്ക് ഇപ്പോൾ അതു നഷ്ടമായി, അത് എന്നെന്നേക്കുമായി നഷ്ടപ്പെടും-ഗിരിരാജ് സിംഗ് ട്വിറ്ററിൽ കുറിച്ചു.
രാഹുലിന് കേന്ദ്രമന്ത്രിയുടെ പരിഹാസം
11:57 PM Jul 21, 2021 | Deepika.com