ന്യൂഡൽഹി: സിബിഎസ്ഇ 10, 12 സിലബസും ബോർഡ് പരീക്ഷകളും രണ്ടു ഘട്ടമായി വേർതിരിച്ചു നടത്താൻ തീരുമാനം. കോവിഡിനെ തുടർന്ന് തുടർച്ചയായ രണ്ടു വർഷവും ബോർഡ് പരീക്ഷകൾ പതിവുപോലെ നടത്താൻ കഴിയാതെ വന്നതിനാലാണ് അടുത്ത വർഷം രണ്ടു ടേമുകളായി തിരിച്ചു രണ്ടു പരീക്ഷ വീതം നടത്തുന്നതെന്നു സിബിഎസ്ഇ അറിയിച്ചു. സ്കൂളുകൾ തുറക്കാൻ കേന്ദ്രസർക്കാർ നിർദേശിക്കും വരെ നിലവിലെ രീതിയിൽ ഓണ്ലൈൻ ക്ലാസുകൾ തുടരുമെന്നും ബോർഡ് വ്യക്തമാക്കി.
സിലബസിൽ കുറവു വരുത്തി പരിഷ്കരിക്കുകയും 2022ൽ രണ്ടു ഘട്ടമായി ബോർഡ് പരീക്ഷകൾ നടത്താനും മൂല്യനിർണയ രീതിയിൽ മാറ്റം വരുത്താനുമാണു തീരുമാനം. ആകെയുള്ള സിലബസ് കുറച്ചശേഷം രണ്ടായി വിഭജിക്കും. ആദ്യ ടേമിലെ പരീക്ഷ നവംബർ, ഡിസംബർ മാസങ്ങളിലും രണ്ടാം ടേമിലെ പരീക്ഷ മാർച്ച്, ഏപ്രിൽ മാസങ്ങളിലുമായി നടത്തും. രണ്ടു ടേം പരീക്ഷകളും സിബിഎസ്ഇയുടെ ബോർഡ് പരീക്ഷകളാകും.
അധ്യയന വർഷത്തിന്റെ തുടക്കം മുതൽ മൂല്യനിർണയം ആരംഭിക്കാവുന്ന രീതിയിൽ ഇന്റേണൽ മാർക്കിനു കൂടുതൽ പ്രാധാന്യം നൽകുന്നതാകും പുതിയ രീതി. 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് ഓരോ വിഷയം അവസാനിക്കുന്പോഴും നടത്തുന്ന യൂണിറ്റ് ടെസ്റ്റ്, പ്രാക്റ്റിക്കൽ, പ്രോജക്ട് എന്നിവയുടെ അടിസ്ഥാനത്തിലാകും ഇന്റേണൽ മാർക്കു നിശ്ചയിക്കുക. 9,10 ക്ലാസുകളിൽ വർഷത്തിൽ മൂന്നു തവണയുള്ള പീരിയോഡിക്കൽ പരീക്ഷകൾ, വിദ്യാർഥിയുടെ പോർട്ട്ഫോളിയോ, പ്രാക്ടിക്കൽ പരീക്ഷകൾ, സ്പീക്കിംഗ് ആൻഡ് ലിസണിംഗ് ആക്ടിവിറ്റികൾ എന്നിവയുടെ അടിസ്ഥാനത്തിലാകും ഇന്റേർണൽ മാർക്കുകൾ നിശ്ചയിക്കുക.
അധ്യയനവർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെയുള്ള വിദ്യാർഥിയുടെ പഠന മികവ് അടക്കമുള്ള പ്രകടനം രേഖപ്പെടുത്താൻ സ്റ്റുഡന്റ് പ്രൊഫൈൽ ഒരുക്കും. ഇന്റേണൽ മാർക്കുകൾ അപ്പപ്പോൾ സിബിഎസ്ഇയുടെ ഐടി പ്ലാറ്റ് ഫോമിൽ സ്കൂളുകൾ അപ്ലോഡ് ചെയ്യണം. വിദ്യാർഥികളുടെ അസസ്മെന്റ് സംബന്ധിച്ച പ്രൊഫൈലുകൾ സ്കൂളുകൾ തയാറാക്കി തെളിവുകൾ ഡിജിറ്റലായി സൂക്ഷിക്കണം. ഒരു ടേമിലെ സിലബസിനൊപ്പം മൂല്യനിർണയം സംബന്ധിച്ചു കൂടുതൽ വിവരങ്ങളും പിന്നീട് പുറത്തുവിടുമെന്നു ബോർഡ് വ്യക്തമാക്കി.
ജോർജ് കള്ളിവയലിൽ
സിബിഎസ്ഇ 10, 12 ക്ലാസിന് രണ്ടു ബോർഡ് പരീക്ഷകൾ
01:13 AM Jul 06, 2021 | Deepika.com