ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവകക്ഷി യോഗത്തിൽ മഞ്ഞുരുക്കമായില്ല. ജമ്മു കാഷ്മീരിനു പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വികസിതവും പുരോഗമനപരവുമായ ജമ്മു കാഷ്മീരിനു വേണ്ടി നടത്തുന്ന ശ്രമങ്ങളിൽ സുപ്രധാന ചുവട്വയ്പ് എന്നു യോഗത്തിനുശേഷം മോദി ട്വിറ്ററിൽ കുറിച്ചു. കേന്ദ്രസർക്കാരും ബിജെപിയും മുന്നോട്ടു വയ്ക്കുന്ന തെരഞ്ഞെടുപ്പു മണ്ഡല പുനഃസംഘടന അടക്കമുള്ള വിഷയങ്ങൾക്കാണ് യോഗത്തിൽ ഊന്നൽ നൽകിയത്.
ഉചിതമായ സമയത്ത് ജമ്മു കാഷ്മീർ വീണ്ടും സംസ്ഥാനമാകുമെന്നു മോദി പറഞ്ഞു. എന്നാൽ, ജമ്മു കാഷ്മീരിനും കേന്ദ്രസർക്കാരിനും ഇടയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നുമാണു യോഗത്തിനുശേഷം കാഷ്മീരിൽനിന്ന് യോഗത്തിൽ പങ്കെടുത്ത മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അടക്കം പ്രതികരിച്ചത്.
ജമ്മു കാഷ്മീർ മേഖലയിൽ ഹൃദയങ്ങൾ തമ്മിലുള്ള അകലവും ഡൽഹിയുമായുള്ള അകലവും (ദിൽ കി ദൂരി, ദില്ലി കി ദൂരി) എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നു പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കാഷ്മീരിൽ മണ്ഡല പുനഃസംഘടനയുടെ ആവശ്യവുമില്ലെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പ്രതികരിച്ചു. പൂർണ സംസ്ഥാന പദവി എന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉന്നയിച്ചു. ആർട്ടിക്കിൾ 370 റദാക്കിയതിനെതിരേ കോടതിയിൽ നിയമപോരാട്ടം നടത്തും- ഒമർ അബ്ദുള്ള പറഞ്ഞു. പ്രത്യേക പദവി റദ്ദാക്കിയ നടപടി അംഗീകരിക്കുന്നില്ലെന്നും അതു തങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രശ്നമാണെന്നും മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രതികരിച്ചു.
ജമ്മു കാഷ്മീരിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത യോഗം മൂന്നു മണിക്കൂർ നീണ്ടു. നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ എട്ടു രാഷ്ട്രീയ പാർട്ടികളിൽനിന്ന് 14 നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. ജമ്മു കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പു നടത്തുന്നതിനു മുന്നോടിയായുള്ള മണ്ഡല പുനഃസംഘടന അടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ച ആയി.
ജമ്മുകാഷ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ഉന്നയിച്ചെങ്കിലും കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ സർക്കാർ കൂടുതൽ ചർച്ചയ്ക്കു മുതിർന്നില്ലെന്നാണ് വിവരം.
സെബി മാത്യു
ജമ്മു കാഷ്മീർ: സമവായമില്ലാതെ സർവകക്ഷി യോഗം
01:16 AM Jun 25, 2021 | Deepika.com