ന്യൂഡൽഹി: ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ 24ന് സർവകക്ഷി യോഗം. വ്യാഴാഴ്ച ഡൽഹിയിൽ നടക്കുന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായിരിക്കും.
കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കുകയും ജമ്മു കാഷ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി മുറിക്കുകയും ചെയ്ത ശേഷമുള്ള ആദ്യ രാഷ്ട്രീയ നീക്കമാണ് സർവകക്ഷി യോഗം. ജമ്മു കാഷ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതും തെരഞ്ഞെടുപ്പു നടത്തുന്നതും അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.
സർവകക്ഷി യോഗത്തിനായുള്ള അനൗദ്യോഗിക ക്ഷണം കിട്ടിയെന്നു പിഡിപി നേതാവ് മെഹബൂബ മുഫ്തി സ്ഥിരീകരിച്ചു. ഔദ്യോഗിക ക്ഷണവും അജൻഡയും കിട്ടിയ ശേഷം ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നു കാഷ്മീരിലെ രാഷ്ട്രീയ നേതാക്കൾ വ്യക്തമാക്കി. ജമ്മുവിലെയും കാഷ്മീരിലെയും പാർട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ജമ്മു കാഷ്മീർ: സർവകക്ഷി യോഗം വ്യാഴാഴ്ച
01:01 AM Jun 20, 2021 | Deepika.com