ന്യൂഡൽഹി: കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഒരു വിധത്തിലുള്ള അലംഭാവവും പാടില്ലെന്നു സംസ്ഥാന സർക്കാരുകളോടു കേന്ദ്രം. കോവിഡ് പ്രോട്ടോക്കോളുകളും മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നു സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല നിർദേശിച്ചു.
മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ സാഹചര്യത്തിലാണ് പുതിയ കത്ത്. കോവിഡ് ഭീഷണിയിൽനിന്നു രാജ്യം കരകയറിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഓരോ പ്രദേശത്തെയും ശരിയായ വിവരങ്ങൾ വിലയിരുത്തി മാത്രമേ അണ്‍ലോക്കിംഗ് നടത്താവൂ. കേസുകളിൽ കുറവുണ്ടാകുന്പോൾ ഓഫീസുകളും ബിസിനസും അടക്കമുള്ളവ തുറന്നുകൊടുക്കേണ്ടതുണ്ട്. പക്ഷേ ഇതിനുള്ള നടപടിക്രമങ്ങൾ കർശനമായി പാലിക്കുന്നുവെന്നു സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ഓർമിപ്പിച്ചു.
ലോക്ഡൗണ്‍ ഇളവുകൾ നിലവിൽ വന്നതോടെ ഡൽഹിയിൽ അടക്കം രാജ്യത്തെ മിക്ക പ്രദേശങ്ങളിലും വലിയ തോതിൽ ആൾക്കൂട്ടം കാണാനായിരുന്നു. മെട്രോ ട്രെയിനിൽ കയറാൻ ചിലയിടത്ത് ആളകലം പാലിക്കാതെ നീണ്ട ക്യൂ പ്രത്യക്ഷമായിരുന്നു. പ്രധാന മാർക്കറ്റുകളിലും വലിയ ജനത്തിരക്കാണുണ്ടായത്. സൂക്ഷിച്ചില്ലെങ്കിൽ കോവിഡ് വ്യാപന തീവ്രത വീണ്ടും അതിരൂക്ഷമാകുമെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകി.
കോവിഡ്: അലംഭാവം പാടില്ലെന്നു കേന്ദ്രം
01:01 AM Jun 20, 2021 | Deepika.com