ന്യൂഡൽഹി: പെട്രോൾ വില വർധന ചർച്ച ചെയ്യാൻ ചേർന്ന പാർലമെന്ററി സമിതി യോഗത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ കേന്ദ്രസർക്കാരിനെ ചോദ്യംചെയ്ത് എംപിമാർ. ഇന്ധനവില വർധനയിൽ അതൃപ്തി രേഖപ്പെടുത്തിയ പാർലമെന്ററി സമിതി ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കണമെന്നും വിലനിയന്ത്രണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുകൾ നടന്നപ്പോൾ പെട്രോൾ, ഡീസൽ വിലവർധന തടഞ്ഞുനിർത്തി ബിജെപിക്ക് നേട്ടമുണ്ടാക്കാൻ ശ്രമിച്ച കാര്യം ചൂണ്ടിക്കാട്ടിയും പ്രതിപക്ഷ എംപിമാർ കേന്ദ്ര സർക്കാരിനെ വിമർശനമുനയിൽ നിർത്തി. എംപിമാരുടെ ചോദ്യത്തിനു മുന്നിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മൗനം പാലിച്ചു.
അതേസമയം, ഇന്ധന വില വർധനയ്ക്കെതിരേ അതിരൂക്ഷ വിമർശനങ്ങൾ ഉയർന്ന യോഗത്തിൽ, പതിവുശൈലിയിൽ ക്രൂഡ് ഓയിൽ വില വർധനയും രൂപയുടെ മൂല്യം ഇടിഞ്ഞതും ഉൾപ്പെടെ കാരണങ്ങൾ നിരത്തി ന്യായീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. ഇന്ധന വില നിർണയിക്കാനുള്ള അധികാരം എണ്ണക്കന്പനികൾക്ക് നൽകിയ തീരുമാനം ശരിയാണെന്ന് ഇന്നലെയും കേന്ദ്ര സർക്കാർ വാദിച്ചു. പെട്രോളിയം - പ്രകൃതിവാതകവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ സിപിഎം രാജ്യസഭാ എംപി വി.എം. ശിവദാസനും പങ്കെടുത്തു.
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്ന വിഷയത്തിൽ ഭരണ-പ്രതിപക്ഷ എംപിമാർ തമ്മിൽ ഉടക്കി. വില നിയന്ത്രിക്കാൻ ഏക പരിഹാരം ജിഎസ്ടി ആണെന്നായിരുന്നു ബിജെപി എംപിമാരുടെ വാദം. കേന്ദ്ര പെട്രോളിയം സെക്രട്ടറി തരുണ് കപൂർ, പെട്രോളിയം മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ കൂടാതെ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ, ഗെയിൽ തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവികളും യോഗത്തിൽ പങ്കെടുത്തിരുന്നു.
അതിനിടെ, പാർലമെന്ററി സമിതി അധ്യക്ഷനും ബിജെപി എംപിയുമായ രമേഷ് ബിധുരി 2012ൽ യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്ന കാര്യം ചൂണ്ടിക്കാട്ടി. ഇതോടെ ഇളകിയ പ്രതിപക്ഷ എംപിമാർ അന്ന് ക്രൂഡ് ഓയിൽ ബാരലിന് 140 ഡോളർ ആയിരുന്നു എന്നും ഇന്ന് അതിനേക്കാളും വളരെ താഴ്ന്നു പകുതി വില മാത്രമാണ് ക്രൂഡ് ഓയിലിന് ഉള്ളതെന്നും തിരിച്ചടിച്ചു.
രാജ്യത്ത് ഏഴു സംസ്ഥാനങ്ങളിൽ ഒരു ലിറ്റർ പെട്രോളിനു വില 100 രൂപയാണ്. മറ്റു സംസ്ഥാനങ്ങളിൽ ഒരു ലിറ്റർ പെട്രോളിന്റെ വില നൂറ് രൂപയോട് അടുത്തു നിൽക്കുന്നു. കണക്കുകൾ പ്രകാരം കഴിഞ്ഞ 44 ദിവസത്തിനിടയിൽ പെട്രോൾ-ഡീസൽ വിലയിൽ 25 തവണയാണ് വർധനയുണ്ടായത്.
സെബി മാത്യു
ഇന്ധന വിലവർധന : തീ പടർത്തി പാർലമെന്ററിസമിതി യോഗം
12:56 AM Jun 18, 2021 | Deepika.com