ന്യൂഡൽഹി: കോവിഡ് വാക്സിൻ ഡോസുകൾ ഉപയോഗശൂന്യമാക്കുന്ന സംസ്ഥാനങ്ങൾക്ക് വാക്സിൻ വിഹിതം കുറയുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വാക്സിൻ നയം പുതുക്കിയതിനു പിന്നാലെ കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത്. ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിക്കും.
ജനസംഖ്യ, രോഗബാധയുടെ തീവ്രത, വാക്സിനേഷന്റെ വേഗത എന്നിവ നോക്കിയാവും വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് നൽകുകയെന്നും മുൻഗണന അനുസരിച്ച് വാക്സിൻ നൽകണമെന്നും പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 45 വയസിന് മുകളിലുള്ളവർ, രണ്ടാമത്തെ ഡോസ് ലഭിക്കാനുള്ളവർ, 18 വയസിന് മുകളിലുള്ളവർ എന്നിങ്ങനെയാണു മുൻഗണന നിശ്ചയിക്കേണ്ടത്. വാക്സിന്റെ ലഭ്യത സംബന്ധിച്ച വിവരം പൊതുജനങ്ങളെ അപ്പപ്പോൾ തന്നെ അറിയിക്കണം. ജില്ലകൾക്ക് കൈമാറിയ വാക്സിന്റെ കണക്ക് സംസ്ഥാനങ്ങൾ നൽകണം. ജില്ലാ തലത്തിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും ലഭ്യമായ വാക്സിന്റെ വിവരം അതത് സമയത്ത് പുറത്തുവിടണമെന്നും കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിൽ പറയുന്നു.
വാക്സിൻ ഉപയോഗശൂന്യമാക്കുന്നവർക്കു വിഹിതം കുറയുമെന്നു മുന്നറിയിപ്പ്
01:08 AM Jun 09, 2021 | Deepika.com