തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഇ.കെ. മാജി (എഡ്വിൻ കുൽഭൂഷണൽ മാജി- 58) കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചു. ഗാസിയാബാദിലെ ആശുപത്രിയിൽ കഴിയുന്നതിനിടയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അന്ത്യം. അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഇ.കെ. മാജി കഴിഞ്ഞ ഏതാനും വർഷങ്ങളായി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു.
കേന്ദ്ര ഭക്ഷ്യ- പൊതു വിതരണ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. 1989 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഇ.കെ. മാജി അസം സ്വദേശിയാണ്. ആലപ്പുഴ സബ് കളക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങിയ മാജി തിരുവനന്തപുരം കളക്ടർ, കൃഷി സെക്രട്ടറി, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായും പ്രവർത്തിച്ചു. ഇ.കെ. മാജിയുടെ നേതൃത്വത്തിലായിരുന്നു 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു നടത്തിയത്. തുടർന്ന് വേങ്ങര ഉപതെരഞ്ഞെടുപ്പും നടത്തി.
നളിനി നെറ്റോയ്ക്കു പിന്നാലെയാണ് ഇ.കെ. മാജി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായത്. തുടർന്ന് അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകുകയായിരുന്നു. ഇനി രണ്ടു വർഷത്തിലേറെ സർവീസ് ബാക്കിനിൽക്കെയാണ് മരണം.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഇ.കെ. മാജി അന്തരിച്ചു
01:07 AM May 19, 2021 | Deepika.com