ന്യൂഡൽഹി: കോവിഡ് വ്യാപനത്തിലും മരണത്തിലും ലോക റിക്കാർഡ് സൃഷ്ടിച്ചു നാണക്കേടിൽ നിന്നു കരകയറുന്നതിനു മുന്‍പു പ്രതിപക്ഷത്തിനെതിരേ ടൂൾ കിറ്റ് രാഷ്ട്രീയ ആരോപണവുമായി ബിജെപി. കോണ്‍ഗ്രസിന്റെ പേരിൽ വ്യാജ ടൂൾ കിറ്റ് പ്രചാരണം നടത്തിയതിനു ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, വക്താവ് സംപിത് പത്ര എന്നിവർക്കെതിരേ കേസ് നൽകുമെന്നു കോണ്‍ഗ്രസ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയം ഉയർത്തിക്കാട്ടാനും ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ മോദി സ്ട്രെയിൻ എന്നു വിശേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗം തയാറാക്കിയ ടൂൾ കിറ്റ് എന്ന് ആരോപിച്ച് ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ടൂൾ കിറ്റ് ആണ് വിവാദമായത്. മഹാമാരിയുടെ കാലത്തു പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായ തകർക്കാൻ രാഹുൽ ഗാന്ധി മോഹിക്കുന്നുവെന്നതു വെറുപ്പുളവാക്കുന്നു എന്നും ബിജെപി ആരോപിച്ചു. എന്നാൽ, കോവിഡ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് കോണ്‍ഗ്രസിനെതിരേ വ്യാജമായി ഉണ്ടാക്കിയതാണു വിവാദ ടൂൾ കിറ്റ് എന്ന് എഐസിസി ഗവേഷണ വിഭാഗം മേധാവി രാജീവ് ഗൗഡ് പറഞ്ഞു.
വ്യാജരേഖ ചമച്ചതിന് നഡ്ഡ, സംപിത് എന്നിവർക്കെതിരേ എഫ്ഐആർ ഫയൽ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡിൽ വലയുന്ന ജനങ്ങൾക്ക് ദുരിതാശ്വാസം എത്തിക്കുന്നതിനു പകരം നാണംകെട്ട വ്യാജരേഖ ചമയ്ക്കുകയാണു ബിജെപിയെന്നു രാജീവ് കുറ്റപ്പെടുത്തി.
ജോർജ് കള്ളിവയലിൽ
വിവാദ കോവിഡ് ടൂൾ കിറ്റ്: ബിജെപി- കോണ്‍ഗ്രസ് പോര്
01:07 AM May 19, 2021 | Deepika.com