ന്യൂഡൽഹി: പത്തനംതിട്ട ജില്ലയിലെ രണ്ടു സ്ഥലങ്ങളിൽ ഗുരുതര പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കനത്ത മഴ പെയ്യുന്നതിനിടെയാണ് കേരളത്തിലെ നദികളിലെ സാഹചര്യം വിലയിരുത്തി കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പു നൽകിയത്. പത്തനംതിട്ടയിലെ മണിമല, അച്ചൻകോവിൽ നദികളിലാണ് പ്രളയസാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിൽ മണിമലയാർ ഒഴുകുന്നത് അപകട നിലയ്ക്കു മുകളിലാണെന്നു കമ്മീഷൻ പറയുന്നു. ശനിയാഴ്ച രാവിലെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം 6.08 മീറ്റർ ഉയരത്തിലാണ് മണിമലയാർ ഒഴുകുന്നത്. ഇത് അപകടനിലയ്ക്ക് 0.08 മീറ്റർ ഉയരത്തിലാണ്. അച്ചൻകോവിലാറിൽ തുന്പമണിലും അപകടനിലയ്ക്കു മുകളിലാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ എട്ട് വരെയുള്ള കണക്കുകൾ പ്രകാരം 10.5 മീറ്റർ ഉയരത്തിലാണ് ജലനിരപ്പ്. അപകടനിലയ്ക്ക് 0.50 മീറ്റർ ഉയരത്തിലാണ് ഇതെന്നും മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഇനിയും ഉയരാനിടയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ വിശദമാക്കുന്നു.
പത്തനംതിട്ടയിൽ പ്രളയസാധ്യതാ മുന്നറിയിപ്പ്
12:58 AM May 16, 2021 | Deepika.com