ന്യൂഡൽഹി: കോവാക്സിന്റെ നിർമാതാക്കളായ ഭാരത് ബയോടെക് ഡൽഹിക്ക് അധിക ഡോസ് വാക്സിൻ നൽകാത്തതു കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ചാണെന്നു ഡൽഹി സർക്കാർ.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ആരോപണവുമായി രംഗത്തെത്തിയത്. ഡൽഹി സർക്കാരിന് അധികമായി വാക്സിൻ ഡോസുകൾ നൽകാൻ കഴിയില്ലെന്നും ഇതു സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിർദേശം ഉണ്ടെന്നുമാണ് ഭാരത് ബയോടെക് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്.
വാക്സിൻ ലഭ്യമാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ ശക്തമായ നിയന്ത്രണം ഉണ്ടെന്നു തന്നെയാണ് ഇതു കൊണ്ട് അർഥമാക്കുന്നതെന്നും മനീഷ് സിസോദിയ പറഞ്ഞു. പതിനെട്ടിനും 44നും ഇടയി ൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിനായി 1.34 കോടി വാക്സിൻ ഡോസുകളാണ് ആവശ്യപ്പെട്ടിരുന്നത്. കോവിഷീൽഡ് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിനോടും വാക്സിൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വാക്സിൻ നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കുന്നതെന്നാണ് ഇവർ അറിയിച്ചിരിക്കുന്നതെന്നും സിസോദിയ വ്യക്തമാക്കി.
കോവിഡ് വ്യാപനം അതിരൂക്ഷമായ ഡൽഹിയിൽ എല്ലാവർക്കും വാക്സിൻ നൽകുന്നതിന് കൂടുതൽ ഡോസുകൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കോവാക്സിന് രാജ്യവ്യാപകമായി കൂടുതൽ ആവശ്യകതയുണ്ട്. അതിനാൽ ഡൽഹി സർക്കാർ ആവശ്യപ്പെട്ടിരിക്കുന്ന അധിക ഡോസുകൾ നൽകാനാവില്ല. കേന്ദ്ര സർക്കാർ നിർദേശിക്കുന്നതിന് അനുസരിച്ചു മാത്രമാണ് നിലവിൽ വാക്സിൻ നൽകാൻ കഴിയൂ. അതിനാൽ കൂടുതൽ ഡോസുകൾ ഇപ്പോൾ നൽകാൻ കഴിയില്ലെന്നുമാണ് ഭാരത് ബയോടെക് മേധാവി ഡോ. കൃഷ്ണ എല്ല ഡൽഹി സർക്കാരിന് നൽകിയ കത്തിൽ പറയുന്നത്.
അതിനിടെ, ഡൽഹിയിൽ ഇന്നുമുതൽ 45 വയസിനു താഴെയുള്ളവർക്ക് വാക്സിൻ വിതരണം തടസപ്പെടും. അടുത്ത നാലു ദിവസത്തേക്ക് വാക്സിന്റെ പരിമിതശേഖരം മാത്രമേയുള്ളൂവെന്നും ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കണമെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവാക്സിൻ ആണ് നാലു ദിവസത്തേക്ക് മാത്രമുള്ളത്. കോവിഷീൽഡ് വാക്സിൻ ഒൻപതു ദിവസത്തേക്കു കൂടിയുണ്ട്. പരിമിതമായ വാക്സിൻ ഡോസുകൾ മുൻനിര പ്രവർത്തകർക്കും 45 വയസിനു മുകളിൽ ഉള്ളവർക്കും നൽകുന്നതിന് ഉള്ളതാണെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.
അതിനിടെ, ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ഇന്നലെ പുതുതായി 13,287 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.03 ശതമാനമായി. രോഗബാധിതരേക്കാൾ കൂടുതലാണ് രോഗമുക്തരെന്നതും ആശ്വാസം നൽകുന്നു. പുതുതായി 14,071 പേരാണ് രോഗമുക്തി നേടിയത്.
ഇന്നലെ 24 മണിക്കൂറിനിടെ 300 പേരാണ് വൈറസ് ബാധയെ ത്തുടർന്ന് മരിച്ചതെന്ന് ഡൽഹി സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കോവാക്സിൻ കിട്ടാത്തതു കേന്ദ്രത്തിന്റെ ഇടപെടൽ മൂലമെന്ന് ഡൽഹി സർക്കാർ
01:20 AM May 13, 2021 | Deepika.com