കോൽക്കത്ത: മമത ബാനർജി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ ജഗ്ദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായ മൂന്നാം തവണയാണു മമത ബംഗാൾ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കുകയാണ് തന്റെ ആദ്യ മുൻഗണനയെന്നു മമത പറഞ്ഞു.
ബംഗാളി ഭാഷയിലാണു മമത സത്യപ്രതിജ്ഞ ചെയ്തത്. ബംഗാളിലെ 21-ാം മുഖ്യമന്ത്രിയും മുഖ്യമന്ത്രിസ്ഥാനത്തെത്തുന്ന എട്ടാമത്തെ ആളുമാണു മമത. ഇന്നലെ ഇവർ മാത്രമാണു സത്യപ്രതിജ്ഞ ചെയ്തത്. മേയ് ഒന്പതിനു മന്ത്രിസഭാ വികസനം നടക്കും.
മമത ബാനർജിയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ബിജെപി ബഹിഷ്കരിച്ചു. തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തെത്തുടർന്ന് ബംഗാളിൽ അരങ്ങേറിയ അക്രമങ്ങൾക്കെതിരെ ബിജെപി ഇന്നലെ രാജ്യവ്യാപക പ്രതിഷേധം നടത്തി. ബംഗാളിൽ അക്രമങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധി ബിജെപി, സിപിഎം ഓഫീസുകൾ നശിപ്പിക്കപ്പെട്ടു.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി അധികാരമേറ്റു
12:46 AM May 06, 2021 | Deepika.com