ന്യൂഡൽഹി: ഡൽഹിക്കു വകയിരുത്തിയ ഓക്സിജൻ ക്വോട്ട ഇന്നലെ അർധരാത്രിക്കു മുൻപു തന്നെ വിതരണം ചെയ്യണമെന്നു സുപ്രീംകോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകി. ബത്ര ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ ഡോക്ടറടക്കം എട്ട് കോവിഡ് രോഗികൾ മരിച്ച സംഭവത്തിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് ഉത്തരവ്. അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ആശുപത്രികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ഡൽഹിയിലെ ആശുപത്രികൾക്ക് ആവശ്യമായ 700 മെട്രിക് ടണ്‍ ഓക്സിജൻ അടിയന്തരമായി എത്തിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം.
കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി നടപടി. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്പൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും കോടതി നിർദേശിച്ചു.
ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ ഉടൻ എത്തിക്കണമെന്ന് സുപ്രീംകോടതി
01:37 AM May 04, 2021 | Deepika.com