ന്യൂഡൽഹി: ആസാമിലെ ശിവസാഗറിൽ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷന്റെ (ഒഎൻജിസി) റിഗ് സൈറ്റിൽനിന്നു മൂന്നു ജീവനക്കാരെ സായുധസംഘം തട്ടിക്കൊണ്ടുപോയി. അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിനായി കന്പനി ഉപയോഗിക്കുന്ന വാഹനത്തിലാണ് അഞ്ചംഗസംഘം ജീവനക്കാരെ കൊണ്ടുപോയത്. രണ്ട് സുരക്ഷാ ജീവനക്കാരെ പൂട്ടിയിട്ടശേഷമായിരുന്നു അതിക്രമം.
ശിവസാഗറിലെ ലക്വ എണ്ണപ്പാടത്ത് സേവനമനുഷ്ഠിക്കുന്ന രണ്ട് ജൂണിയർ എൻജിനിയർമാരെയും (പ്രൊഡക്ഷൻ) ഒരു ജൂണിയർ ടെക്നീഷനെയുമാണു തട്ടിക്കൊണ്ടുപോയത്. മൂവരും ആസാം സ്വദേശികളാണ്.
നിരോധിത തീവ്രവാദ സംഘടനയായ ഉൾഫ(ഐ)യുടെ പ്രവർത്തകരാണു സംഭവത്തിനു പിന്നിലെന്നു കരുതുന്നു. ഒഎൻജിസിയുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂമും തുടർന്നു.
രണ്ടായിരത്തോളം ജീവനക്കാരാണു ശിവസാഗറിലെ ഒഎൻഎൻജിസിയുടെ കീഴിൽ ജോലിചെയ്യുന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ട ജീവനക്കാരുടെ കുടുംബാംഗങ്ങളുമായോ ഒൻജിസിയുമായോ സായുധസംഘം ബന്ധപ്പെട്ടിട്ടില്ല.
ആസാമിൽ മൂന്ന് ഒഎൻജിസി ഉദ്യോഗസ്ഥരെ സായുധസംഘം തട്ടിക്കൊണ്ടുപോയി
12:55 AM Apr 22, 2021 | Deepika.com