ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ആശുപത്രികളിൽ ബെഡിനും ഓക്സിജനും കടുത്ത ക്ഷാമം നേരിടുന്നെന്നു ചൂണ്ടിക്കാട്ടി ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, അടിയന്തരമായി 7000 ബെഡുകൾ അനുവദിക്കണമെന്നും അവശ്യ ഉപയോഗ ത്തിനുള്ള ഓക്സിജൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
ട്രെയിനിൽ ഐസിയു ബെഡുകൾ സജ്ജമാക്കി നൽകണമെന്ന് റെയിൽവേ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിദിന നിരക്ക് 25,000ത്തിലേക്കു കടക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ തേടി കേജരിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഡൽഹിയിൽ 100 ഐസിയു ബെഡുകൾ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്.
രോഗവ്യാപനം രൂക്ഷമായതു കണക്കിലെടുത്ത് കോമണ്‍വെൽത്ത് ഗെയിംസ് വില്ലേജ്, യമുന സ്പോർട്സ് കോംപ്ലക്സ് എന്നിവിടങ്ങളിൽ 6000 ഓക്സിജൻ ബെഡുകൾ സജ്ജമാക്കാനുള്ള ക്രമീകരണം നടക്കുന്നുണ്ട്. വിവിധ ആശുപത്രികളിലായി 10,000 കിടക്കകളുള്ളതിൽ 1800 കൊറോണ രോഗ ബാധിതർക്കു മാറ്റിവച്ചിരിക്കുകയാണ്. ആശുപത്രികളിൽ ഉള്ള ഓക്സിജനും പര്യാപ്തമല്ല. അതിനാൽ അടിയന്തരമായി ബെഡുകളും ഓക്സിജനും ലഭ്യമാക്കണമെന്നു കേജരിവാൾ ആവശ്യപ്പെടുന്നു.
ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമായതു കണക്കിലെടുത്ത് കരസേന 500 കിടക്കകളുള്ള ഒരു സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇത് 1000 കിടക്കകളാക്കി മാറ്റണമെന്നും ഡൽഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമാകുകയും ആശുപത്രികളിൽ ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ അപര്യാപ്തമാവുകയും ചെയ്താൽ സംസ്ഥാനത്ത് ദീർഘനാളത്തേക്കു ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കേജരിവാൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇന്ന് ലെഫ്. ഗവർണറുമായി ചർച്ച നടത്തുമെന്നാണ് സൂചന.
ഡൽഹിയിലേതിനു സമാന സ്ഥിതിയാണ് ഉത്തർപ്രദേശിലും ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. ആവശ്യത്തിന് ഐസിയുകളും വെന്റിലേറ്ററുകളുമില്ലാതെ വലയുകയാണ് ലക്നൗവിലെ ആശുപത്രികൾ. കിടക്കകൾ ഇല്ലാത്തതിനാൽ ആശുപത്രികളിൽ പ്രവേശനം ലഭിക്കുന്നില്ല.
മധ്യപ്രദേശിൽ ഓക്സിജൻ ലഭിക്കാതെ പത്ത് മരണമുണ്ടായെന്നു വാർത്തകൾ പുറത്തുവന്നെങ്കിലും മന്ത്രി അടക്കമുള്ളവർ അത് നിഷേധിച്ചു. വാക്സിൻ ക്ഷാമം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾ രംഗത്തെത്തിയതിനു പിന്നാലെയാണ് ഓക്സിജനും ഐസിയു ബെഡുകളും അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ സംസ്ഥാനങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
ഉത്തരേന്ത്യൻ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം
11:55 PM Apr 18, 2021 | Deepika.com