ന്യൂഡൽഹി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെഎഎസ്) പ്രവേശനത്തിന് ഇരട്ട സംവരണം ഏർപ്പെടുത്താനുള്ള അധികാരം സർക്കാരിനുണ്ടെന്നു കേരളം. ഇരട്ട സംവരണം ഏർപ്പെടുത്തിയത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കി.
കെഎഎസ് രൂപവത്കരിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ആയതിനാൽ സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അധികാരമുണ്ട്. സ്ഥാനക്കയറ്റത്തിലൂടെയോ സ്ഥലംമാറ്റത്തിലൂടെയോ ഉള്ള നിയമനം അല്ലാത്തതിനാൽ സംവരണം നിഷേധിക്കാനാകില്ലെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
നിലവിൽ സർക്കാർ സർവീസിൽ ഉള്ളവർക്ക് കെഎഎസിൽ പ്രവേശനം ലഭിക്കണമെങ്കിൽ പരീക്ഷയും ഇന്റർവ്യൂവും പാസാകേണ്ടതുണ്ട്. അതിനാൽ ഇതു പുതിയ നിയമനത്തിനു തുല്യമാണ്. സ്ട്രീം രണ്ടിലും മൂന്നിലും ഇരട്ട സംവരണം ഏർപ്പെടുത്തിയത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിനു ശേഷമാണെന്നും സർക്കാർ അറിയിച്ചു. ഒരിക്കൽ സംവരണത്തിലൂടെ സർക്കാർ സർവീസിൽ പ്രവേശിച്ചവർക്ക് കെഎഎസിൽ പ്രവേശനത്തിനു സംവരണം നൽകുന്നത് ഇരട്ട സംവരണമാണെന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്ന സമസ്ത നായർ സമാജം അടക്കമുള്ളവരുടെ വാദം.
കെഎഎസ്: ഇരട്ട സംവരണം ഏർപ്പെടുത്താൻ അധികാരമുണ്ടെന്നു കേരളം
11:55 PM Apr 18, 2021 | Deepika.com