ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ മധ്യപ്രദേശിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്നു വൈകുന്നേരം ആറു മുതൽ തിങ്കളാഴ്ച രാവിലെ ആറു വരെയാണ് ലോക്ക്ഡൗണ്‍. നഗരപ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ മേഖലകളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 14,043 പേർക്കാണ് ഇന്നലെ മധ്യപ്രദേശിൽ കോവിഡ് സ്ഥിരീകരിച്ചത്.
രോഗവ്യാപനം രൂക്ഷമായതു കണക്കിലെടുത്ത് ഉത്തർപ്രദേശിലും രാത്രി കർഫ്യൂ ഏർപ്പെടുത്തി. ലക്നോ, വാരാണസി, കാണ്‍പുർ, പ്രയാഗ്രാജ് തുടങ്ങിയ സ്ഥലങ്ങളിലാണ് രാത്രി കർഫ്യൂ. യുപിയിൽ 6,002 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പഞ്ചാബിലും രാത്രികാല നിയന്ത്രണങ്ങൾ ശക്തമാക്കി. പഞ്ചാബിൽ കഴിഞ്ഞദിവസം 2,963 പേർക്കു പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് കേസുകൾ 2.6 ലക്ഷമായി ഉയർന്നു.
മധ്യപ്രദേശിൽ ലോക്ക്ഡൗണ്‍
02:03 AM Apr 09, 2021 | Deepika.com