ന്യൂഡൽഹി: പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച കോവാക്സിൻ 81 ശതമാനം ഫലപ്രദമാണെന്ന് മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഭാരത് ബയോടെക്. കോവിഡ്-19നെ പ്രതിരോധിക്കുന്നതിൽ കോവാക്സിൻ 81 ശതമാനം ഫലപ്രദമായി പ്രവർത്തിക്കുന്നു.
യുകെയിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന കോവിഡ് വൈറസിനെതിരേയും ഇത് പ്രവർത്തിക്കുന്നുണ്ടെന്നും ഭാരത് ബയോടെക് പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിൽ അംഗീകാരം ലഭിച്ച കോവാക്സിൻ പരീക്ഷണ ഘട്ടങ്ങളെല്ലാം പൂർത്തിയാക്കാത്തതിനാൽ സുരക്ഷയെ സംബന്ധിച്ചു വലിയ ആശങ്ക ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിരോധ വാക്സിൻ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി എയിംസിൽ നിന്ന് കോവാക്സിൻ ആണ് സ്വീകരിച്ചത്.
ആകെ മരുന്നു പരീക്ഷണം നടത്തിയവരിൽ 43 പേരിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തെരഞ്ഞെടുത്ത വോളന്റിയർമാരിൽ ഒരു വിഭാഗത്തിന് കോവാക്സിനും മറ്റൊരു വിഭാഗത്തിന് വാക്സിൻ എന്ന പേരിൽ പ്ലാസിബോയും നൽകുന്ന ഡബിൾ ബ്ലൈൻഡഡ് പരീക്ഷണ രീതിയാണ് നടത്തിയത്. 43 പേരിൽ മരുന്ന് പരീക്ഷണം നടത്തിയതിൽ 36 പേരെയും യഥാർഥ വാക്സിൻ നൽകാതെ പ്ലാസിബോ ഗ്രൂപ്പായി (ഇവർക്ക് പരീക്ഷണ വാക്സിനല്ല നൽകുന്നത്) നിർത്തുകയും ഏഴ് പേർക്ക് കോവാക്സിൻ നൽകുകയും ചെയ്തു. ഇതിൽ പരീക്ഷണ ഫലം 80.6 ശതമാനമാണ് കാണിച്ചത്. വാക്സിൻ സ്വീകരിച്ച ഏഴ് പേരിൽ ഉണ്ടായ ഫലപ്രാപ്തി വിലയിരുത്തിയാണ് പുതിയ ഇടക്കാല റിപ്പോർട്ട് വന്നിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരിൽ പരീക്ഷണം നടത്താനുള്ള അനുമതിക്കായി ഭാരത് ബയോടെക് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ്സ് കണ്ട്രോൾ ഓർഗനൈസേഷനെ സമീപിപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച പരീക്ഷണത്തിൽ 18നും 98നും ഇടയിൽ പ്രായമുള്ള 25,800 പേരാണ് പങ്കെടുത്തത്. 25 സ്ഥലങ്ങളിലായി നടത്തിയ പരീക്ഷണത്തിൽ 2433 പേർ 60 വയസിന് മുകളിൽ ഉള്ളവരും 4533 പേർ മറ്റ് അസുഖങ്ങൾ ഉള്ളവരുമായിരുന്നു. ഇതിൽ തന്നെ ഒരു വിഭാഗത്തിന് യഥാർഥ കോവാക്സിനും മറ്റു വിഭാഗത്തിന് മരുന്നെന്ന പേരിലുള്ള പ്ലാസിബോയും നൽകി. ഇതിന്റെ വിലയിരുത്തലിൽ പാർശ്വ ഫലങ്ങൾ വളരെ കുറവായിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ വിലയിരുത്തലിൽ കോവാക്സിന് യുകെയിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുമുണ്ടെന്നാണെന്ന് ഭാരത് ബയോടെക് സിഇഒ കൃഷ്ണ എല്ല പറഞ്ഞു.
സെബി മാത്യു
കോവാക്സിൻ 81 ശതമാനം ഫലപ്രദം
01:03 AM Mar 04, 2021 | Deepika.com