ശ്രീഹരിക്കോട്ട: ഒരു വർഷത്തിനുശേഷം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) നടത്തിയ പിഎസ്എൽവി-സി51 വിക്ഷേപം വിജയം. ബ്രസീലിന്റെ ആമസോണിയ-ഒന്ന് ഉൾപ്പെടെ 19 ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ 10.24നാണു വിക്ഷേപണം നടന്ന്. വിക്ഷേപണത്തിന് 17 മിനിറ്റിനുശേഷം ആമസോണിയ-ഒന്നിനെയും ഒന്നരമണിക്കൂറിനുശേഷം ബാക്കി ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിൽ എത്തിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് കിഡ്സ് ഇന്ത്യ (എസ്കെഐ)യും ഉപഗ്രഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവൻ ഉൾപ്പെടെ രാജ്യത്തെ 25,000ഓളം വ്യക്തികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബഹിരാകാശ മേഖല സ്വകാര്യവത്കരിച്ചതിലും ആത്മനിർഭർ ഭാരത് ആഹ്വാനത്തിലും അഭിവാദ്യമർപ്പിച്ചാണു മോദിയുടെ ചിത്രം ഉപഗ്രഹത്തിൽ പതിച്ചതെന്ന് എസ്കെഐ അറിയിച്ചു. ഭഗവദ്ഗീത ഡിജിറ്റൽ രൂപത്തിൽ ഉപഗ്രഹത്തിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിക്ഷേപണം പൂർണവിജയമായിരുന്നെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു.
പിഎസ്എൽവി-സി51 വിക്ഷേപണം വിജയം
12:49 AM Mar 01, 2021 | Deepika.com