ന്യൂഡൽഹി: അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഡൽഹിയിൽ കോണ്‍ഗ്രസിന്റെ വാർറൂം സജീവമായി. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആസാം, പുതുച്ചേരി നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെയാണ് ഡൽഹി 15-ഗുരുദ്വാര രകബ്ഗഞ്ച് റോഡിൽ വാർ റൂം സജ്ജമായത്. അരുണാചൽ പ്രദേശിന്റെയും മേഘാലയയുടെയും ചുമതലയുള്ള എഐസിസി നേതാവ് മനീഷ് ചത്രാത്തിനാണു ചുമതല.
ഇവിടെത്തന്നെയാണ് കോണ്‍ഗ്രസിന്റെ സോഷ്യൽ മീഡിയ സെല്ലും പ്രവർത്തിക്കുന്നത്. രണ്ടു വർഷം മുന്‍പുവരെ കോണ്‍ഗ്രസിന്റെ പാർട്ടി പ്രവർത്തനങ്ങൾ സെൻട്രൽ ഡൽഹിയിൽ തന്നെ അഞ്ചിടങ്ങളിലായി വ്യാപിച്ചു കിടക്കുകയായിരുന്നു. ഗവേഷണം, ഡേറ്റ അനാലിസിസ്, സോഷ്യൽ മീഡിയ എന്നിവ വിവിധ കേന്ദ്രങ്ങളിലായിരുന്നു. എങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കുള്ള കേന്ദ്രീകൃത നേതൃത്വം രഘബ്ഗഞ്ച് റോഡിലെ വാർറൂമിൽ നിന്നു തന്നെയായിരുന്നു.
2019 തെരഞ്ഞെടുപ്പിന് മുൻപായി ലോധി എസ്റ്റേറ്റിലെ ഒരു ബംഗ്ലാവ് പാർട്ടിയുടെ സുപ്രധാന യോഗങ്ങൾക്കായി ഉപയോഗിച്ചിരുന്നു. ഇപ്പോഴിത് ഉപയോഗശൂന്യമായി കിടക്കുകയാണ്. 2014 തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ വാർ റൂം രഘബ്ഗഞ്ച് റോഡിലെ കെട്ടിടം തന്നെയായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒരിക്കലും പോലും സന്ദർശിക്കാത്ത പാർട്ടി യോഗകേന്ദ്രം എന്ന പ്രത്യേകതയും ഈ കെട്ടിടത്തിനുണ്ട്. എന്നാൽ, ഇവിടെ നടന്ന പല സുപ്രധാന യോഗങ്ങളിലും രാഹുൽ ഗാന്ധി പങ്കെടുത്തിട്ടുമുണ്ട്. ജനറൽ സെക്രട്ടറിമാരോ അതിനു മുകളിൽ പദവിയുള്ളവരോ അല്ലാതെ മറ്റൊരു കോണ്‍ഗ്രസ് നേതാവിനും മുൻകൂട്ടി അനുമതി ഇല്ലാതെ ഇവിടെ പ്രവേശനമില്ല. സ്വകാര്യ സുരക്ഷാ ഏജൻസികളാണ് കാവൽ നിൽക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന കോണ്‍ഗ്രസിന്റെ സോഷ്യൽ മീഡിയ ടീമിന് പ്രവേശനത്തിനായി പ്രത്യേക കവാടം വേറെ സജ്ജീകരിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ ഡൽഹി വാർ റൂം സജീവമായി
12:49 AM Mar 01, 2021 | Deepika.com