ന്യൂഡൽഹി: സ്വാശ്രയ കോളജുകളിലെ മെഡിക്കൽ വിദ്യാർഥികളുടെ ഫീസ് പുനർനിർണയിക്കാമെന്ന് സുപ്രീംകോടതി. ഫീസ് നിർണയം സംബന്ധിച്ച നടപടിക്രമങ്ങൾ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കണം. സ്വകാര്യ സ്വാശ്രയ കോളജുകളിലെ മെഡിക്കൽ വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന ഫീസ് ചൂഷണരഹിതവും മിതവുമായിരിക്കണമെന്നു സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
മാനേജ്മെന്റുകൾ ശിപാർശ ചെയ്ത ഫീസ് ഭീമമാണെന്ന് കണ്ടെത്തിയാൽ ഫീസ് നിർണയ സമിതിക്ക് മാനേജ്മെന്റുകളിൽ നിന്ന് എന്ത് രേഖകകളും ആരായാമെന്നു ജസ്റ്റീസുമാരായ എൽ. നാഗേശ്വർ റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഫീസ് നിർണയ സമിതിയോട് സഹകരിക്കാൻ സ്വകാര്യ മാനേജമെന്റുകളോട് ആവശ്യപ്പെടണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഫീസ് നിർണയത്തിനായി മാനേജ്മെന്റുകളിൽനിന്ന് മതിയായ രേഖകൾ ആവശ്യപ്പെടാൻ ഇതുമായി ബന്ധപ്പെട്ട സമിതിക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഫീസ് നിർണയ സമിതിക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നാണ് വിദ്യാർഥികളും കോടതിയോട് അഭ്യർഥിച്ചിരുന്നത്. ഇക്കാര്യത്തിൽ കോളജുകൾ നൽകുന്ന ശിപാർശ പരിശോധിക്കാൻ മാത്രമേ ഫീസ് നിർണയസമിതിക്ക് അധികാരം ഉള്ളൂവെന്നായിരുന്നു മാനേജുമെന്റുകളുടെ മറുവാദം.
മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് നൽകണമെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്തു സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് ഇന്നലെ സുപ്രീംകോടതി വിധി പറഞ്ഞത്.
മിതമായ നിരക്കിൽ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള അവസരം ഒരുക്കണമെന്നായിരുന്നു ഹർജിയിലെ സർക്കാരിന്റെ ആവശ്യം. മാനേജ്മെന്റുകൾ ഫീസ് നിർണയ സമിതിക്ക് ഫീസുമായി ബന്ധപ്പെട്ട് കൈമാറുന്ന ശിപാർശ വിദ്യാർഥികളെ ചൂഷണം ചെയ്യുന്ന വിധത്തിലുള്ളതാവരുതെന്നും കോടതി പറഞ്ഞു. നിലവിൽ 6.55 ലക്ഷം രൂപയാണ് സമിതി നിർണയിച്ച ഫീസ്. എന്നാൽ 11 മുതൽ 22 ലക്ഷം രൂപ വരെയാണ് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്. സമിതിയുടെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ താത്കാലിക സംവിധാനമെന്ന നിലയിൽ വാർഷിക ഫീസായി 11 ലക്ഷം രൂപ വിദ്യാഥികളിൽ നിന്ന് ഈടാക്കാൻ 2017 ൽ സുപ്രീം കോടതി അനുവദിച്ചിരുന്നു. അതിനാൽ ഇക്കാലയളവിലെ ഫീസ് പുനർനിർണയിക്കാനാണ് ഇപ്പോൾ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
2017 മുതൽ സംസ്ഥാനത്തെ വിവിധ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിച്ച 12,000 ത്തോളം വിദ്യാർഥികളെയാവും സുപ്രീംകോടതി വിധി ബാധിക്കുക.
സ്വാശ്രയ മെഡിക്കൽ വിദ്യാർഥികളുടെ ഫീസ് പുനർനിർണയിക്കാമെന്നു സുപ്രീംകോടതി
12:56 AM Feb 26, 2021 | Deepika.com