ന്യൂഡൽഹി: സർക്കാർ ഇടപാടുകൾ നടത്തുന്നതിൽ സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിരോധനം നീക്കി. കേന്ദ്രമന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. നികുതി, മറ്റ് വരുമാന ഇടപാടുകൾ, പെൻഷൻ ഇടപാടുകൾ, ചെറുകിട സേവിംഗ്സ് സംവിധാനം തുടങ്ങി ഗവണ്മെന്റുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിയന്ത്രണം ഗവണ്മെന്റ് നീക്കി.
ഇത് ഉപഭോക്താക്കളുടെ സൗകര്യം കൂടുതൽ വർധിപ്പിക്കുമെന്നും ഉപഭോക്തൃ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സന്പദ് രംഗത്തിന്റെ വളർച്ചയ്ക്കും ഗവണ്മെന്റിന്റെ സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രോത്സാഹനത്തിനും സ്വകാര്യ മേഖലാ ബാങ്കുകൾക്കും ഇനി മുതൽ തുല്യപങ്കാളിത്തം ഉണ്ടാകും. നിരോധനം നീക്കിയതോടെ, ഇനിമുതൽ ആർബിഐക്ക് ഗവണ്മെന്റ് ഇടപാടുകൾ നടത്തുന്നതിന്, പൊതുമേഖലാ ബാങ്കുകൾക്കൊപ്പം സ്വകാര്യ മേഖലാ ബാങ്കുകൾക്കും അധികാരം നൽകാവുന്നതാണ്.
മറ്റു കാബിനറ്റ് തീരുമാനങ്ങൾ
• മരുന്നു സംയുക്തങ്ങളെ ഉത്പാദനബന്ധിത ഇളവ് പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്താൻ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. സാന്പത്തിക വർഷം 2020-21 മുതൽ 2028-29 വരെ, മരുന്ന് സംയുക്തങ്ങളെ ഉത്പാദന ബന്ധിത ഇളവ് പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്താൻ ആണ് അനുമതി. രാജ്യത്തെ ആഭ്യന്തര ഉത്പാദകർക്ക് ഗുണംചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ നടപടിയിലൂടെ ഗുണഭോക്താക്കൾക്ക് ചിലവ് കുറഞ്ഞ കൂടുതൽ മരുന്നുകൾ ലഭ്യമാക്കാനാകും.
• ഐടി ഹാർഡ്വെയർ ഉത്പന്നങ്ങൾക്കുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഐടി ഹാർഡ്വെയർ ഉത്പന്നങ്ങൾക്കുള്ള ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതിക്കാണ് (പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻറീവ് -പിഎൽഐ) അംഗീകാരം നൽകിയത്. ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഓൾ-ഇൻ-വണ് പേഴ്സണൽ കന്പ്യൂട്ടറുകൾ (പിസികൾ), സെർവറുകൾ എന്നീ ഉത്പന്നങ്ങളാണ് നിർദിഷ്ട പദ്ധതിക്ക് കീഴിൽ വരുന്ന ഐടി ഹാർഡ്വെയർ വിഭാഗങ്ങൾ. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനും ഐടി ഹാർഡ്വെയർ ഉത്പന്നങ്ങളുടെ മൂല്യ ശൃംഖലയിൽ വൻതോതിൽ നിക്ഷേപം ആകർഷിക്കുന്നതിനും ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി ലക്ഷ്യമിടുന്നു. കഴിഞ്ഞയാഴ്ച അംഗീകരിച്ച ടെലികോം, നെറ്റ്വെർക്കിംഗ് ഉത്പന്നങ്ങൾക്കായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയുടെ തുടർച്ചയായാണ് ഈ തീരുമാനം.
സർക്കാർ ഇടപാടുകൾ ഇനി സ്വകാര്യ ബാങ്കുകൾക്കും നടത്താം
02:14 AM Feb 25, 2021 | Deepika.com