ന്യൂഡൽഹി: കോവിഡും ലോക്ക്ഡൗണും മൂലം മുടങ്ങിയിരുന്ന സജീവ ഡാൻസ്, സംഗീത സന്ധ്യകൾ ഒരു വർഷത്തിനു ശേഷം ഡൽഹിയിൽ മടങ്ങിയെത്തുന്നു. പതിനൊന്നാമത് സ്വാതി തിരുനാൾ ഫെസ്റ്റിവലിനാണു ഡൽഹിയിലെ ഹാബിറ്റാറ്റ് സെന്ററിൽ നാളെ തിരശീല ഉയരുന്നത്.
ലോധി റോഡിലെ ഹാബിറ്റാറ്റ് സെന്ററിലുള്ള സ്റ്റീൻ ഓഡിറ്റോറിയത്തിൽ നാളെ വൈകുന്നേരം ഏഴിനു തുടങ്ങുന്ന സ്വാതി തിരുനാൾ കലോൽസവത്തിൽ സംഗീത, ഡാൻസ് പ്രേമികൾക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു നടത്തുന്ന കലോൽസവം തലസ്ഥാന നഗരിയിലെ കലാസ്വാദകർക്കു നേരിട്ട് പങ്കെടുക്കാൻ വീണ്ടും അവസരം ഒരുക്കിയിരിക്കുകയാണെന്നു ഫെസ്റ്റിവൽ ക്യുറേറ്ററും പ്രമുഖ നർത്തകിയുമായ ജയപ്രഭ മേനോൻ പറഞ്ഞു.
ജയപ്രഭ മേനോന്റെ മോഹിനിയാട്ടം, പദ്മശ്രീ ഗീതചന്ദ്രന്റെ ഭരതനാട്യം, സുബ്രതോ ഡേയുടെ നേതൃത്വത്തിലുള്ള ലയധ്വനി അവതരിപ്പിക്കുന്ന സംഗീത സമന്വയം എന്നിവയാണ് സ്വാതി തിരുനാൾ കലോൽസവത്തിനു നിറം പകരുക.
സ്വാതി തിരുനാൾ ഫെസ്റ്റിവൽ നാളെ ഡൽഹിയിൽ
01:48 AM Feb 25, 2021 | Deepika.com