പുതുച്ചേരി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി രാഷ്ട്രീയ അസ്ഥിരതയ്ക്കും പേരു കേട്ടതാണ്. നാരായണസ്വാമിയുടേതുൾപ്പെടെ ആറു സർക്കാരുകളാണ് ഇവിടെ കാലാവധി പൂർത്തിയാകാതെ വീണത്.
നാലു സർക്കാരുകൾ മാത്രമാണു കാലാവധി തികച്ചത്. 1985ൽ കൂറുമാറ്റ നിരോധന നിയമം നിലവിൽ വന്നതോടെ എംഎൽഎമാരുടെ മറുകണ്ടം ചാടൽ അവസാനിച്ചുവെന്നു പറയാം.
ഡിഎംകെ-സിപിഐ (1969), അണ്ണാ ഡിഎംകെ(1974, 1977), ഡിഎംകെ-കോൺഗ്രസ്(1980), ഡിഎംകെ-ജനതാ ദൾ(1990) എന്നീ സർക്കാരുകളാണു കാലാവധി തികയ്ക്കാതെ നിലംപൊത്തിയത്.
1963ൽ രൂപവത്കരിച്ച പുതുച്ചേരിയിൽ 1985ലാണ്(എം.ഒ.എച്ച്. ഫറൂഖ് നേതൃത്വം നല്കിയ കോൺഗ്രസ് സർക്കാർ) ആദ്യമായി ഒരു സർക്കാർ കാലാവധി തികച്ചത്. വി. വൈദ്യലിംഗം(1991-1996), എൻ. രംഗസ്വാമി (2001-2006), എൻ. രംഗസ്വാമി(2011-1016) എന്നിവർ നേതൃത്വം നല്കിയ സർക്കാരുകളും കാലാവധി പൂർത്തിയാക്കി.
30 അംഗങ്ങളുള്ള പുതുച്ചേരി നിയമസഭയിലേക്കു മൂന്ന് അംഗങ്ങളെ നാമനിർദേശം ചെയ്യാമെന്ന് 1963ലെ ദ ഗവൺമെന്റ് ഓഫ് യൂണിയൻ ടെറിട്ടറി ആക്ടിൽ വ്യവസ്ഥ ചെയ്തിരുന്നു. ഈ സംവിധാനം ആദ്യമായി ഉപയോഗപ്പെടുത്തിയത് 1985ൽ എം.ഒ.എച്ച്. ഫറൂഖ് ആയിരുന്നു.
കിരൺ ബേദി ലഫ്. ഗവർണറായതോടെ മൂന്ന് ബിജെപി അംഗങ്ങളെ നാമനിർദേശം ചെയ്തിരുന്നു.
പുതുച്ചേരിയിൽ കാലാവധി തികയ്ക്കാതെ വീണത് ആറു സർക്കാരുകൾ
01:39 AM Feb 23, 2021 | Deepika.com