മുംബൈ: കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലിയിൽനിന്നുള്ള ലോക്സഭാംഗമായ മോഹൻ ദേൽക്കറെ(58) മുംബൈയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വതന്ത്ര എംപിയായ ദേൽക്കർ ഏഴു തവണ ലോക്സഭാംഗമായിട്ടുണ്ട്.
തെക്കൻ മുംബൈയിലെ മറൈൻ ഡ്രൈവ് മേഖലയിലെ ഹോട്ടലിലാണു ദേൽക്കറെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുജറാത്തിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയതായും യഥാർഥ മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷമേ അറിയാനാകൂ എന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സിൽവാസയിൽ ട്രേഡ് യൂണിയൻ നേതാവായി പൊതുരംഗത്തെത്തിയ മോഹൻ സാൻജിഭായ് ദേൽക്കർ 1989ൽ കോൺഗ്രസ് ടിക്കറ്റിലാണ് ആദ്യമായി ലോക്സഭയിലെത്തിയത്. 1991,1996 തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു. 1998ൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു. കോൺഗ്രസിൽ തിരിച്ചെത്തിയ ദേൽക്കർ 2009, 2014 തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 2019ൽ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചു.
ലോക്സഭാംഗം മോഹൻ ദേൽക്കർ ഹോട്ടലിൽ മരിച്ചനിലയിൽ
01:20 AM Feb 23, 2021 | Deepika.com