ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല തമിഴ്നാട് രാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തിയതോടെ പ്രതിരോധത്തിന് അണ്ണാ ഡിഎംകെ നേതൃത്വം ജയലളിത കാർഡ് പുറത്തെടുക്കുന്നു. ജയലളിതയുടെ ജന്മദിനവാർഷികമായ നാളെ ‘അമ്മ’യുടെ പേരിൽ പ്രതിജ്ഞ ചൊല്ലണമെന്നാണു നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം എല്ലാ വീടുകളിലും വിളക്ക് കൊളുത്തണമെന്നും ആഹ്വാനമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കേ, ചതിയന്മാരും ശത്രുക്കളും കൈകോർത്ത് പാർട്ടിയെ പരാജയപ്പെടുത്താൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന് അണികൾക്ക് എഴുതിയ കത്തിൽ മുതിർന്ന നേതാക്കളായ ഒ. പനീർശെൽവവും കെ.പളനിസ്വാമിയും മുന്നറിയിപ്പ് നൽകുന്നു. കഠിനപ്രയത്നത്തിലൂടെയും ഐക്യത്തോടെയും പാർട്ടിക്കൂറിലൂടെയും ഇത്തരക്കാരെ ഒരു പാഠം പഠിപ്പിക്കണം- കത്ത് ആവശ്യപ്പെടുന്നു. അതേസമയം കത്തിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല.
അനധികൃത സ്വത്ത് സന്പാദനക്കേസിൽ ബംഗളൂരുവിൽ ജയിൽശിക്ഷ പൂർത്തിയാക്കി മടങ്ങിയെത്തിയ ശശികലയും അനന്തരവനും മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനും ചേർന്ന് എഐഎഡിഎംകെയുടെ നിയന്ത്രണത്തിനായി കരുക്കൾ നീക്കുന്നതിനിടെയാണ് അണികൾക്ക് നേതൃത്വം കത്തയച്ചത്.
‘അമ്മ’യുടെ പേരിൽ ശപഥം ചെയ്യണമെന്ന് അണ്ണാ ഡിഎംകെ നേതൃത്വം
01:20 AM Feb 23, 2021 | Deepika.com