ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ സമരം തുടരുന്നതിനിടെ നിയമങ്ങൾ കൊണ്ടുവന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നന്ദി പ്രകാശിപ്പിച്ച് ബിജെപിയുടെ പ്രമേയം.
ഡൽഹിയിൽ ചേർന്ന പാർട്ടി ദേശീയ ഭാരവാഹികളുടെ യോഗത്തിലാണ് കാർഷിക മേഖലയുടെ സമഗ്ര മാറ്റത്തിനായുള്ള നിയമങ്ങളാണു മോദി കൊണ്ടുവന്നതെന്ന് അഭിപ്രായപ്പെടുന്ന പ്രമേയം പാസാക്കിയത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ഭാരവാഹികളുടെ യോഗമാണ് ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്നത്. യോഗത്തിൽ നരേന്ദ്ര മോദിയും പങ്കെടുത്തു.
കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നപശ്ചാത്തലത്തിലായിരുന്നു യോഗം. കാർഷിക നിയമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പരമാവധി ബോധവത്കരണം നടത്തണമെന്നു നേതാക്കളോട് മോദി ആവശ്യപ്പെട്ടു.
കർഷകരുടെ താത്പര്യങ്ങൾ മുൻനിർത്തിയാണു തീരുമാനങ്ങളെടുത്തതെന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് രമണ്‍ സിംഗ് വിശദീകരിച്ചു. മൂന്നു നിയമങ്ങളും കാർഷിക മേഖലയിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടു വരുന്നവയാണ്. കർഷകരുടെ ഉത്പന്നങ്ങൾക്കു ന്യായവില ലഭിക്കാൻ നിയമം സഹായിക്കും. കർഷകരുടെ വരുമാനം ഇരട്ടിയാകും. ഇതിനുപുറമേ കോവിഡ് പ്രതിസന്ധി നേരിട്ടതിലുള്ള പ്രാഗത്ഭ്യവും ചൂണ്ടിക്കാട്ടിയാണ് യോഗത്തിൽ നന്ദിപ്രമേയം പാസാക്കിയത്. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ പാർട്ടിക്ക് പൂർണ വിജയപ്രതീക്ഷയുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബിജെപിക്ക് ഇത്തവണ പശ്ചിമബംഗാളിൽ ഉജ്വലവിജയം നേടാകാനുമെന്നും രമണ്‍ സിംഗ് അവകാശപ്പെട്ടു.
കർഷകരുടെ ക്ഷേമം മാത്രം മനസിൽ കണ്ടാണ് കാർഷികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാനുതകുന്ന കാർഷിക നിയമങ്ങൾ മോദി കൊണ്ടുവന്നത്. നിയമം സംബന്ധിച്ച് ചർച്ചകൾക്കു തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി ഉൾപ്പെടെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. കോണ്‍ഗ്രസിന്റെയും ഇടത് പാർട്ടികളുടെയും താത്പര്യങ്ങൾ മുൻനിർത്തിയാണു കാർഷികനിയമങ്ങൾക്കെതിരേയുള്ള സമരം തുടരുന്നത്. കർഷകർ സർക്കാർ പാസാക്കിയ മൂന്നു നിയമങ്ങളിലും യഥാർഥത്തിൽ പൂർണ തൃപ്തരാണ്.
കർഷകർ ഉന്നയിക്കുന്ന ആശങ്കകൾ സർക്കാർ ഗൗരവത്തോടെയാണു കാണുന്നത്. പഞ്ചാബിലെ മാത്രമല്ല, രാജ്യത്തെ എല്ലാ കർഷകരുടെ കാര്യത്തിലും സർക്കാരിന് കരുതലുണ്ട്. എന്തൊക്കെയാണ് കർഷകരുടെ പ്രധാന ആശങ്കകളെന്ന് ചോദിച്ചറിയാൻ പോകുകയാണ്. നിയമങ്ങൾ പിൻവലിക്കുന്നതിനേക്കാൾ മാറ്റങ്ങൾ വരുത്തുന്നതിലാണ് കർഷകർക്കു താത്പര്യം എന്നും രമണ്‍ സിംഗ് അവകാശപ്പെട്ടു.
സെബി മാത്യു
കാർഷിക നിയമങ്ങളെ മുറുകെപ്പിടിച്ച് ബിജെപി
12:05 AM Feb 22, 2021 | Deepika.com