ന്യൂഡൽഹി: കർഷക സമരത്തിന് ഐക്യദാർഢ്യംപ്രഖ്യാപിച്ച് ഹരിയാനയിലെ ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവ് അഭയ് സിംഗ് ചൗട്ടാല നിയമസഭാംഗത്വം രാജിവച്ചു.
ഐഎൻഎൽഡിയുടെ ഏക എംഎൽഎയാണ് അഭയ് സിംഗ് ചൗട്ടാല. റിപ്പബ്ലിക് ദിനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്ന് അഭയ് സിംഗ് രണ്ടാഴ്ച മുൻപ് പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവാത്ത പശ്ചാത്തലത്തിലാണ് രാജി.
മൂന്ന് തവണ എംഎൽഎയായ 57കാരൻ സംസ്ഥാന നിയമസഭാ മന്ദിരത്തിലേക്ക് ട്രാക്ടർ ഓടിച്ച് എത്തിയാണ് രാജിക്കത്ത് നൽകിയത്. ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ അവതാർ സിംഗ് ബദാനയും രാജി വച്ചു. മുസഫർപൂരിലെ മീരാപൂരിൽ നിന്നുള്ള എംഎൽഎയാണ് മുതിർന്ന നേതാവായ അവതാർ സിംഗ്. എംഎൽഎ സ്ഥാനം ഉൾപ്പെടെയുള്ള എല്ലാ പദവികളും രാജിവയ്ക്കുകയാണെന്ന് അവതാർ സിംഗ് പറഞ്ഞു.
ഉത്തർപ്രദേശ് അതിർത്തികളിൽ നടക്കുന്ന വിവിധ കർഷക സമരസ്ഥലങ്ങളിൽ അവതാർ സിംഗ് സന്ദർശിച്ച് ഐക്യാർഢ്യം പ്രഖ്യാപിച്ചിരുന്നു. നേരത്തെ, ഫരീദാബാദ്, മീററ്റ് മണ്ഡലങ്ങളിൽ നിന്നും എംപിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഐക്യദാർഢ്യം: ഹരിയാന, യുപി എംഎൽഎമാർ രാജിവച്ചു
12:22 AM Jan 28, 2021 | Deepika.com