ന്യൂഡൽഹി: സ്വകാര്യത സംബന്ധിച്ച വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ ഉപയോക്താക്കളോടുള്ള സമീപനമല്ല, വാട്സ് ആപ് ഇന്ത്യയിൽ സ്വീകരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇത് ആശങ്കാ ജനകമാണ്. ഇക്കാര്യം സർക്കാർ വിശദമായി പരിശോധിച്ചു വരികയാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ കോടതിയെ അറിയിച്ചു. അതേസമയം, സ്വകാര്യത ലംഘിക്കപ്പെടുമെന്ന പ്രശ്നമുണ്ടെങ്കിൽ വാട്സ് ആപ് ഡൗണ്‍ലോഡ് ചെയ്യാതിരുന്നുകൂടേയെന്നു കോടതി ചോദിച്ചു.
വാട്സ് ആപ് വിവരങ്ങൾ ഫേസ്ബുക്കും മറ്റുമായി പങ്കുവയ്ക്കണമെന്ന പുതിയ നയത്തെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. പുതിയ നയം അംഗീകരിക്കാതിരിക്കാനുള്ള അവസരം യൂറോപ്യൻ ഉപയോക്താക്കൾക്ക് വാട്സ് ആപ്പ് നൽകുന്നുണ്ട്. എന്നാൽ, ഇന്ത്യയിൽ ഇത് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണ്.
വിവേചനപരമായ ഈ നയത്തിൽ വിശദീകരണം തേടി വാട്സ് ആപ്പിനു കേന്ദ്ര സർക്കാർ കത്ത് അയച്ചിട്ടുണ്ടെന്നും എഎസ്ജി വ്യക്തമാക്കി. മാർച്ച് ഒന്നിനു കേസ് വീണ്ടും പരിഗണിക്കും.
വാട്സ് ആപിന് ഇന്ത്യയിൽ ഭിന്ന നയമെന്നു കേന്ദ്രം
01:38 AM Jan 26, 2021 | Deepika.com