ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്ത നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തെ ചൊല്ലി വിവാദം. രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തത് നേതാജിയായി വേഷം കെട്ടിയ ബംഗാളി അഭിനേതാവ് പ്രസേൻജിത് ചാറ്റർജിയുടെതാണ് എന്നാണ് ആരോപണം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിലാണ് രാം നാഥ് കോവിന്ദ് ചിത്രം അനാച്ഛാദനം ചെയ്തത്.
2019ൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം ഗുംനാമിയിൽ സുഭാഷ് ചന്ദ്രബോസായി പ്രസെൻജിത് ചാറ്റർജി അഭിനയിച്ചിരുന്നു. ഈ സിനിമയിലെ ചിത്രമാണ് രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് എന്നാണ് ആരോപണം. ചിത്രം നേതാജിയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ’ രാമക്ഷേത്ര നിർമാണത്തിന് അഞ്ചുലക്ഷം രൂപ നൽകിയശേഷം രാഷ്ട്രപതി നേതാജിയെ കുറിച്ചുള്ള ചിത്രത്തിൽ അഭിനയിച്ച പ്രസേൻജിത്തിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ദൈവം ഇന്ത്യയെ രക്ഷിച്ചു’ എന്നായിരുന്നു മഹുവയുടെ പോസ്റ്റ്.
എന്നാൽ, ചിത്രം നേതാജിയുടേത് തന്നെയാണെന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചു. നേതാജിയുടെ ശരിക്കുള്ള ചിത്രത്തെ ആധാരമാക്കിയാണ് ഛായാചിത്രം വരച്ചതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതിന് പിന്നാലെ ട്വീറ്റ് മഹുവ മൊയ്ത്ര പിൻവലിച്ചു.
രാഷ്ട്രപതി അനാച്ഛാദനം ചെയ്ത നേതാജിയുടെ ചിത്രത്തെച്ചൊല്ലി വിവാദം
12:34 AM Jan 26, 2021 | Deepika.com