ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ മൂന്നു കർദിനാൾമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്ച നടത്തും. സിബിസിഐ പ്രസിഡന്റും ലത്തീൻ സഭയിലെ കർദിനാളുമായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് രാവിലെ 11-ന് പ്രധാനമന്ത്രിയെ കാണുന്നത്.
കൂടിക്കാഴ്ചയ്ക്കു മുൻകൈയെടുത്ത മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുന്നില്ല. കുടുംബാംഗങ്ങളിൽ മൂന്നു പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹം കോഴിക്കോട്ട് ക്വാറന്റീനിൽ കഴിയുകയാണ്. രാജ്യത്തെ ഏറ്റവും ആദരീണയരായ കർദിനാൾമാരുമായി നേരിട്ടു സംവദിക്കാനാകുന്നതിൽ പ്രധാനമന്ത്രി മോദി സന്തോഷം അറിയിച്ചിട്ടുണ്ടെന്നും തന്റെ അസാന്നിധ്യം പ്രശ്നമല്ലെന്നും ഗവർണർ ശ്രീധരൻപിള്ള പറഞ്ഞു.
മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങളിലുള്ള മെത്രാന്മാരുടെ പ്രതിനിധി സംഘം കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെത്തുടർന്നാണു കത്തോലിക്ക സഭയിലെ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച ഒരുക്കിയത്. ഇന്നു രാവിലെ ഒന്പതരയോടെ മിസോറം ഹൗസിൽ എത്തിയ ശേഷമാകും കർദിനാൾമാർ പ്രധാനമന്ത്രിയെ കാണാനായി പുറപ്പെടുക. കർദിനാൾമാർ ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തി.
രാജ്യത്തെ ക്രൈസ്തവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളും കത്തോലിക്കാ സഭയുടെ വിവിധ ആവശ്യങ്ങളും കൂട്ടായി പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദീപികയോടു പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയോടു രാഷ്ട്രീയത്തിനതീതമായ പൊതുവായ കാര്യങ്ങളാകും ചർച്ച ചെയ്യുക. ന്യൂനപക്ഷ അവകാശങ്ങൾ ലഭ്യമാകുന്നതിലെ വിവേചനങ്ങളും ക്രൈസ്തവ സഭകൾ നേരിടുന്ന പ്രശ്നങ്ങളും അവർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. സാന്പത്തിക സംവരണവും ന്യൂനപക്ഷ സ്കോളർഷിപ്പുകളും സ്വാഗതാർഹമെങ്കിലും ഇതിന്റെ ആനുകൂല്യങ്ങൾ അർഹരായ ക്രൈസ്തവർക്കു കിട്ടാതെ പോകുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ സഭകൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും രാജ്യത്തെ ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും കത്തോലിക്കാ സഭാ തലവന്മാർ ആവശ്യപ്പെടും.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത ജസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ മോചനം, മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ സേവന പ്രവർത്തനങ്ങൾക്കു നേരിടുന്ന തടസങ്ങൾ തുടങ്ങിയവയും ചർച്ചയിൽ ഉന്നയിക്കപ്പെടും.
കർദിനാൾമാരുമായി പ്രധാനമന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തും
12:40 AM Jan 19, 2021 | Deepika.com