ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച ട്രാക്ടർ റാലിയിൽനിന്നു പിന്നോട്ടില്ലെന്നു കർഷകർ. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ചു കേന്ദ്രവും.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് ഒഴികെ മറ്റെന്ത് ഉപാധികളും കർഷകർക്കു മുന്നോട്ടു വയ്ക്കാമെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
അതിനിടെ, സമരത്തിന്റെ അമരക്കാരായ സിക്ക് സമൂഹത്തെ ഏതുവിധേനയും ഇണക്കിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മന്ത്രിയുടെ ട്രെയിൻ യാത്രയും. ഡൽഹിയിൽനിന്നു തന്റെ മണ്ഡലമായ മധ്യപ്രദേശിലെ മൊറേനയിലേക്കുള്ള യാത്രയിൽ സഛ്ഖണ്ട് എക്സ്പ്രസിൽ സിക്ക് സമുദായത്തിൽ പെട്ടവർക്കൊപ്പം ഭക്ഷണം പങ്കിട്ടു കഴിക്കുന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രമുഖ സിക്ക് തീർഥാടക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു പോകുന്ന ട്രെയിനാണ് സഛ്ഖണ്ട് എക്സ്പ്രസ്.
കർഷകരും കേന്ദ്രസർക്കാരുമായുള്ള പത്താം ഘട്ട ചർച്ച നാളെ നടക്കാനിരിക്കേയാണ് നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമില്ലെന്നു കേന്ദ്രം വ്യക്തമാക്കിയത്. രാജ്യത്തെ ഭൂരിഭാഗം കർഷകരും വിദഗ്ധരും കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നുവെന്നാണ് മന്ത്രിയുടെ നിലപാട്. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് നിയമങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടില്ല.
എന്നാൽ, ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിൽ നിയമം വ്യവസ്ഥകൾ തിരിച്ചു ചർച്ച ചെയ്യാമെന്നാണ് കരുതുന്നത്. ചർച്ചയിൽ നിയമങ്ങൾ പിൻവലിക്കണം എന്നതൊഴികെ മറ്റെന്ത് ആവശ്യവും കർഷകർ ഉന്നയിക്കാമെന്നും മന്ത്രി പറഞ്ഞു.
പ്രാദേശിക കാർഷിക വിപണികൾ (മണ്ഡികൾ), വ്യാപാരികളുടെ രജിസ്ട്രേഷൻ, വൈദ്യുതി നിയമം തുടങ്ങിയ കാര്യങ്ങളിൽ കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്ന നിർദേശം കർഷകർക്കു നൽകിയിട്ടുണ്ട്.
ആയിരം ട്രാക്ടറുകൾ പങ്കെടുക്കുന്ന റാലിയാണ് റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഡൽഹിയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. അൻപത് കിലോമീറ്റർ ദൈർഘ്യമുള്ള റാലി ഡൽഹിയെ ചുറ്റിക്കിടക്കുന്ന ഔട്ടർ റിംഗ് റോഡിലാണ് നടത്തുന്നത്.
സമാധാനപരമായി നടത്തുന്ന റാലിയോട് ഡൽഹി, ഹരിയാന പോലീസ് സഹകരിക്കുമെന്നാണു പ്രതീക്ഷയെന്നും ഇന്നലെ സിംഗു അതിർത്തിയിൽ നടത്തിയ പത്രസമ്മേളനത്തിൽ കർഷകസംഘടനകൾ അറിയിച്ചു.
സമരം ചെയ്യുന്ന കർഷകനേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും കർഷക നേതാക്കൾ ആരോപിച്ചു.
സെബി മാത്യു
പത്താംവട്ട ചർച്ച നാളെ ; കടുപ്പിച്ച് കർഷകർ, ഉറപ്പിച്ച് കേന്ദ്രം
12:31 AM Jan 18, 2021 | Deepika.com